ബറേലി> മകന്റെ കൊലയാളിയായ ബന്ധുവിനെ ജാമ്യത്തിലിറക്കി വെടിവച്ച് കൊന്ന് പ്രതികാരം തീർത്ത് മധ്യവയസ്കൻ. ഉത്തർപ്രദേശിലെ ഖേരി ജില്ലയിലെ മിതൗലിയിലാണ് സംഭവം. മറ്റൊരു കൊലക്കേസില് ജയില്വാസം അനുഭവിച്ച് പുറത്തിറങ്ങിയ കർഷകനായ കാശി കശ്യപാ(50)ണ് മകളുടെ ഭർത്താവിന്റെ അച്ഛനായ ശത്രുധൻ ലാലയെ തലയ്ക്ക് വെടിവെച്ച് കൊന്നത്.
2020ലാണ് കൊലക്കേസിൽ കാശിയെ ശിക്ഷിച്ചത്. ജയിലിൽ പോകുന്നതിനുമുമ്പ് ഭാര്യയെയും പതിനാലുകാരൻ മകനെയും ഇയാൾ ലാലയുടെ വീട്ടിലാക്കി. 2021ലാണ് കുട്ടി കൊല്ലപ്പെട്ടത്. കാശിയുടെ ഭാര്യ സ്വന്തം മകനെ ലാലയുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരുടേയും വഴിവിട്ട ബന്ധത്തിന് കുട്ടി ദൃക്സാക്ഷിയായതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ജയിലിലായി.
2022 ഡിസംബറിൽ കാശി ജയിൽമോചിതനായി. തുടർന്ന് ലാലയെ പുറത്തിറക്കാനായി ഇയാൾ അഭിഭാഷകനെ സമീപിച്ചെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യവാരം ജാമ്യത്തിലിറങ്ങിയ ലാലയെ കൊല്ലാൻ കാശി അവസരം കാത്തിരുന്നു. വെള്ളി രാത്രി ലാല വീട്ടിലേക്ക് പോകവെ പാടത്തുവച്ചാണ് വെടിവച്ചത്. തലയില് മൂന്ന് വെടിയേറ്റ ലാല തല്ക്ഷണം മരിച്ചു. കാശിയെ പൊലീസിന് പിടികൂടാനായിട്ടില്ല. മകനെ കൊന്നകേസിൽ കാശിയുടെ ഭാര്യ ജയിലിൽ കഴിയുകയാണ്.