കൊച്ചി
കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘സാമ്പത്തിക ഫെഡറലിസം: വെല്ലുവിളികളും കേരളത്തിന്റെ ചെറുത്തുനിൽപ്പും’ വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരായ ഐക്യത്തിന്റെ വേദിയായി ചർച്ച. വികസനകാര്യങ്ങളിൽ ഭരണ–-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിൽക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും കേരളത്തെ മുന്നോട്ടുനയിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അഭ്യർഥിച്ചു. റവന്യു വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ജീവനക്കാർക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് ആസൂത്രണ ബോർഡ് അംഗമായിരുന്ന സി പി ജോൺ അഭിപ്രായപ്പെട്ടു.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ നന്ദിയും പറഞ്ഞു. നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിനിധികൾ ദീപം തെളിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.