ജയ്പുർ
ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് അവസാന പന്തിൽ മിന്നുന്ന ജയം. ഒരു പന്തിൽ നാല് റൺ വേണ്ടിയിരിക്കെ സന്ദീപ് ശർമയെ സിക്സറിന് പറത്തി അബ്ദുൾ സമദാണ് ഹൈദരാബാദിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ രണ്ടിന് 214 റണ്ണാണെടുത്തത്. ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നാല് വിക്കറ്റിന്റെ ആവേശജയം.
അവസാന രണ്ടോവറിൽ 41 റണ്ണായിരുന്നു ഹൈദരാബാദിന് ആവശ്യം. രാജസ്ഥാൻ പേസർ കുൽദീപ് യാദവിനെ 24 റണ്ണിന് ശിക്ഷിച്ച ഗ്ലെൻ ഫിലിപ്സ് (ഏഴ് പന്തിൽ 25) ഹൈദരാബാദിനെ ജയത്തോട് അടുപ്പിച്ചു. അവസാന ഓവറിൽ 17 റണ്ണായിരുന്നു ആവശ്യം. സന്ദീപ് എറിഞ്ഞ ആദ്യ പന്ത് സമദ് സിക്സർ പായിച്ചു. ഒടുവിൽ ഒരു പന്തിൽ അഞ്ച് റൺ വേണ്ടിയിരിക്കെ സമദിനെ സന്ദീപ് ജോസ് ബട്ലറുടെ കൈയിലെത്തിച്ചെങ്കിലും നോബോളായി. ഫ്രീഹിറ്റ് പന്തിൽ സിക്സർ പറത്തി സമദ് (7 പന്തിൽ 17) ജയമാഘോഷിച്ചു. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടിയേറ്റു.
അഭിഷേക് ശർമ (34 പന്തിൽ 55), രാഹുൽ തൃപാഠി (29 പന്തിൽ 47) എന്നിവരും ഹൈദരാബാദ് നിരയിൽ തിളങ്ങി. ജോസ് ബട്ലറുടെയും സഞ്ജു സാംസന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോറൊരുക്കിയത്. ബട്ലർ 59 പന്തിൽ 95 റണ്ണെടുത്തു. സഞ്ജു 38 പന്തിൽ 66 റണ്ണുമായി പുറത്താകാതെ നിന്നു. യശസ്വി ജയ്സ്വാൾ 18 പന്തിൽ 35 റണ്ണടിച്ചു.