അഹദാബാദ്
ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന് ബാറ്റർമാർ തകർപ്പൻ ജയമൊരുക്കി. ലഖ്നൗ സൂപ്പർ ജയന്റ്സിനെ 56 റണ്ണിന് കീഴടക്കി. ഐപിഎൽ ക്രിക്കറ്റിൽ 11 കളിയിൽ എട്ട് ജയവുമായി ഒന്നാമതുള്ള ഗുജറാത്ത് പ്ലേഓഫ് ഉറപ്പിച്ചു.
സ്കോർ: ഗുജറാത്ത് 2–-227, ലഖ്നൗ 7–-171
ഗുജറാത്ത് ഓപ്പണർ ശുഭ്മാൻ ഗിൽ കളിയിലെ താരമായി. 51 പന്തിൽ 94 റണ്ണുമായി പുറത്താകാതെനിന്ന ഗിൽ ഏഴ് സിക്സറും രണ്ട് ഫോറുമടിച്ചു. ആദ്യം ബാറ്റ്ചെയ്ത ഗുജറാത്തിനായി ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്ന് 142 റണ്ണടിച്ചു. വിക്കറ്റ്കീപ്പർ സാഹ 43 പന്തിൽ 81 റൺ നേടി. അതിൽ 10 ഫോറും നാല് സിക്സറും ഉൾപ്പെട്ടു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 15 പന്തിൽ 25 റണ്ണെടുത്തു. ഡേവിഡ് മില്ലർ 12 പന്തിൽ 21 റണ്ണുമായി പുറത്തായില്ല. 14 സിക്സറും 15 ഫോറും നിറഞ്ഞതാണ് ഗുജറാത്തിന്റെ തകർപ്പൻ ഇന്നിങ്സ്. ക്യാപ്റ്റന്റെ ചുമതലയുണ്ടായിരുന്ന ക്രുണാൽ പാണ്ഡ്യ എട്ട് ബൗളർമാരെ പരീക്ഷിച്ചെങ്കിലും ഗുജറാത്ത് പ്രതിരോധം തകർക്കാനായില്ല.
വിജയത്തിലേക്ക് ലക്ഷ്യംവച്ചുള്ള തുടക്കമായിരുന്നു ലഖ്നൗ ഓപ്പണർമാരുടേത്. ക്വിന്റൺ ഡി കോക്ക് 41 പന്തിൽ 70 റണ്ണെടുത്തു. കൈൽ മയേഴ്സ് 32 പന്തിൽ 48 റൺ നേടി. ഇരുവരും ചേർന്ന് ഒന്നാംവിക്കറ്റിൽ 88 റൺ നേടി. പിന്നീടാർക്കും അതേ ആവേശം പിന്തുടരാനായില്ല. ആയുഷ് ബദനി 21 റണ്ണുമായി മിന്നാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ദീപക് ഹൂഡ (11), മാർകസ് സ്റ്റോയ്നിസ് (4), നിക്കോളാസ് പുരാൻ (3), ക്രുണാൽ പാണ്ഡ്യ (0) എന്നിവർ മങ്ങി. നാല് ഓവറിൽ 29 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത പേസർ മോഹിത് ശർമയാണ് ലഖ്നൗവിനെ ഒതുക്കിയത്.