ന്യൂഡല്ഹി > മോദി ഭരണത്തില് ഇന്ത്യ അവസരങ്ങള് പാഴാക്കുന്നുവെന്ന വിമര്ശനവുമായി പ്രശസ്ത മെഡിക്കല് ജേര്ണല് ലാന്സെറ്റ്. മെയ് ആറിനു പുറത്തിറങ്ങിയ ജേര്ണലിന്റെ എഡിറ്റോറിയലിലാണ് മോദിയുടെ ഭരണത്തിനെതിരെ വിമര്ശനമുള്ളത്. ഇന്ത്യയുടെ ഉയര്ച്ച നേതൃത്വത്തിന് സമഗ്രത ആവശ്യമുണ്ട് എന്ന തലക്കെട്ടിലാണ് ലേഖനം. ആരോഗ്യ രംഗത്തും മറ്റു മേഖലകളിലും ഇന്ത്യ കൈവരിച്ച നേട്ടത്തെപ്പറ്റിയും സംഭാവനകളെപ്പറ്റിയും പറഞ്ഞു തുടങ്ങുന്ന ജേര്ണല് മോദി ഭരണത്തില് രാജ്യം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അവസാനിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തില് ഇന്ത്യ വീണ്ടും താഴേക്കു വീണതിനെപ്പറ്റിയും ലേഖനത്തില് പരാമര്ശമുണ്ട്.
‘ 2023 ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വര്ഷമാണ്. ചൈനയെ മറികടന്ന് ജനസംഖ്യയില് ഇന്ത്യ ഒന്നാമതായി. ജി20 യുടെ നേതൃത്വം ഏറ്റെടുത്തു. സൗത്ത് ഏഷ്യയില് നടത്തപ്പെടുന്ന ആദ്യ ഉച്ചകോടിയാണ് സെപ്തംബറില് നടക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യ മികച്ച പ്രവര്ത്തനങ്ങള് നടത്തിയിട്ടുണ്ട്. കോ വിന് ആപ് ഉള്പ്പെടെയുള്ളവ മറ്റു രാജ്യങ്ങള്ക്കും മാതൃകയാക്കാവുന്നതാണ്. ഇത്തരത്തില് നിരവധി വികസനപ്രവര്ത്തനങ്ങള് രാജ്യത്തിനു ചെയ്യാന് സാധിക്കും. എന്നാല് നരേന്ദ്ര മോദിയുടെ തീവ്ര ഹിന്ദുത്വ അജണ്ടകള് ഇതിന് തടസമാകുന്നു’- ലേഖനത്തില് പറയുന്നു.
കോവിഡ് കാലത്തെ മരണം സംബന്ധിച്ച കണക്കുകളില് ഇന്ത്യ നീതി പുലര്ത്തിയിട്ടില്ല. കണക്കുകള് മറച്ചുവെക്കാനാണ് മോദി സര്ക്കാര് ശ്രമിച്ചത്. പ്രതിസന്ധി രൂക്ഷമായിരുന്ന ഘട്ടത്തില് കണക്കുകള് മറച്ചു വെച്ചത് ഏറെ പ്രശ്നങ്ങളുണ്ടാക്കി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇന്ത്യ ഏറെ പിന്നിലാണ്. 180 രാജ്യങ്ങളുടെ പട്ടികയില് 161 -ാം സ്ഥാനത്താണ് ഇന്ത്യ. മോദി ഭരണത്തിലേറിയ 2014നു ശേഷം ഇതാണ് ഇന്ത്യയുടെ സ്ഥിതി. ഇന്ത്യയുടെ കാലാവസ്ഥാ നയങ്ങളിലും ഊര്ജ വിനിയോഗത്തിലുമുള്പ്പെടെ ധാരാളം പ്രശ്നങ്ങളുണ്ട്. ലോകത്ത് ഏറ്റവുമധികം കാര്ബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്ന രാജ്യങ്ങളില് ഇന്ത്യ മൂന്നാം സ്ഥാനത്താണ്. തീവ്രഹിന്ദു ദേശീയതയാണ് മോദി സര്ക്കാര് വെച്ചു പുലര്ത്തുന്നത്. മറ്റു മതവിഭാഗങ്ങളെ അടിച്ചമര്ത്താനുള്ള ശ്രമമാണ് സര്ക്കാരിന്റേതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല് രാജ്യത്ത് സുതാര്യതയും സമഗ്രതയും തുല്യതയും ഉറപ്പാക്കുന്നതില് മോദി സര്ക്കാര് പൂര്ണമായും പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ രാജ്യത്തിന്റെ പല അവസരങ്ങളും നഷ്ടപ്പെടുന്നു എന്നു പറഞ്ഞാണ് എഡിറ്റോറിയല് അവസാനിക്കുന്നത്.