തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യുഎസ്, ക്യൂബ ഔദ്യോഗിക സന്ദർശനത്തിന്റെ പേരിൽ വലതുപക്ഷമാധ്യമങ്ങളും പ്രതിപക്ഷവും ആരോപണങ്ങൾ ഉന്നയിക്കുന്നത് വസ്തുതകൾ മറച്ചുവച്ച്. കൂടുതൽ നിക്ഷേപം കൊണ്ടുവരിക,മികച്ച മാതൃകകൾ പഠിച്ച് സംസ്ഥാനത്ത് നടപ്പാക്കുക എന്നിവയാണ് ഔദ്യോഗിക വിദേശയാത്രകളുടെ പ്രധാന ലക്ഷ്യം. ഐടി, വിനോദസഞ്ചാരം, വാണിജ്യ മേഖലകളിൽ വിവിധ രാജ്യങ്ങളുമായി സഹകരിക്കാനും ഈ യാത്രകളിലൂടെ സാധിക്കും. പുരോഗതി കൈവരിച്ച രാജ്യങ്ങൾ സന്ദർശിച്ച് മികച്ച മാതൃകകൾ സംസ്ഥാനത്ത് നടപ്പാക്കാൻ ഔദ്യോഗിക വിദേശയാത്രകൾ സഹായകമായിട്ടുണ്ട്. മഹാപ്രളയശേഷം പ്രകൃതിദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും ഡച്ച് മാതൃകയിലുള്ള റൂം ഫോർ റിവർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് നെതർലാൻഡ്സിന്റെ സഹായത്തോടെയാണ്. 2019 ൽ മുഖ്യമന്ത്രി നെതർലൻഡ്സ് സന്ദർശിച്ച് റൂം ഫോർ റിവർ മാതൃക വിലയിരുത്തിയിരുന്നു.
പുഷ്പകൃഷിയിൽ സഹകരിക്കാനും സന്ദർശനത്തിൽ തീരുമാനിച്ചു. അമ്പലവയലിൽ ഇതിന് സ്ഥലം കണ്ടെത്തി പദ്ധതിക്ക് നടപടികൾ ആരംഭിച്ചു. ചരിത്ര പ്രാധാന്യമുള്ള ഇൻഡോ ഡച്ച് ആർക്കൈവ്സ് തയ്യാറാക്കുന്നതിന് ധാരണപത്രം ഒപ്പിട്ടു. തുടർനടപടി പുരോഗമിക്കുകയാണ്. ജർമനിയുമായി നടത്തിയ നയതന്ത്ര ചർച്ചയുടെ ഭാഗമായി നോർക്കയുമായി സഹകരിച്ച് നഴ്സുമാർക്ക് ജർമനിയിൽ ജോലി ലഭ്യമാക്കാൻ നടപടി തുടങ്ങി. തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക് വഴി അഞ്ചുവർഷത്തിനിടെ 2,753 പേർക്ക് വിദേശത്ത് ജോലി ലഭിച്ചു. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ൽ പോലും 787 പേർക്ക് വിദേശ ജോലി ലഭിച്ചത് വിദേശ സന്ദർശനങ്ങളുടെ ഫലമായാണ്. വിനോദസഞ്ചാരവകുപ്പ് വിദേശമേളകളിൽ പങ്കെടുത്തതുവഴി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക് വിദേശത്തുപോയതിലൂടെ മസാല ബോണ്ടിന്റെ ഭാഗമായി 2150 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.