ന്യൂഡൽഹി
പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മുകശ്മീർ ശാന്തമായെന്ന കേന്ദ്ര സർക്കാർ വാദത്തിൽ കഴമ്പില്ലെന്ന് തെളിയിച്ച് ഭീകരാക്രമണങ്ങള് തുടർക്കഥയായി. വെള്ളിയാഴ്ച രജൗരിയിലെ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഏപ്രിൽ 20ന് പൂഞ്ചിലും അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ഇതിനു പിന്നിലെ ഭീകരരെ പിടികൂടാനുള്ള സൈനിക നീക്കത്തിനിടെയാണ് രജൗരിയിലെ വനമേഖലയിൽ വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായത്.
കശ്മീരിനെ തഴഞ്ഞ് ജമ്മുവിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയമാണ് സാഹചര്യം കൂടുതൽ വഷളാക്കുന്നത്. ഇതോടെ കശ്മീർ താഴ്വരയിൽനിന്ന് ഭീകരർ ജമ്മുമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 22 മുതൽ 24 വരെ ശ്രീനഗറിൽ നടക്കുന്ന ജി 20 വർക്കിങ് ഗ്രൂപ്പ് യോഗത്തിലും ഭീകരാക്രമണ ഭീഷണിയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ വിവാദമായ മണ്ഡല പുനർനിർണയ നടപടി ജമ്മുകശ്മീരിനെ ആഴത്തിൽ അസ്വസ്ഥമാക്കി. ഈ സാഹചര്യത്തിൽ, ഭീകരാക്രമണത്തെ ‘ഒറ്റപ്പെട്ട സംഭവം’ മാത്രമായി ചിത്രീകരിച്ച് ലഘൂകരിക്കാനുള്ള നീക്കം ഗുണമാകില്ലെന്ന് സുരക്ഷാവിദഗ്ധർ ചൂണ്ടിക്കാണിച്ചു. സെപ്തംബറിൽ രാജ്യത്ത് ജി 20 ഉച്ചകോടി നടക്കാനിരിക്കെ ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയമാക്കുക മോദിസർക്കാരിന് വെല്ലുവിളിയാകും.
തിരിച്ചടിച്ച് സൈന്യം; 2 ഭീകരരെ വധിച്ചു
രജൗരി ഭീകരാക്രമണ പശ്ചാത്തലത്തിൽ സൈന്യം തിരിച്ചടി ശക്തമാക്കി. വിവിധ ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ വധിച്ചു. രജൗരി കന്ദി വനമേഖലയിലെ ഏറ്റുമുട്ടലിൽ ഭീകരരന് കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. രാവിലെ ഏഴിനു തുടങ്ങിയ ഏറ്റുമുട്ടൽ രാത്രിവൈകിയും തുടര്ന്നു.
ബാരാമുള്ളയിലെ കർഹാമ കുൻസർ ഏരിയയിലെ ഏറ്റുമുട്ടലില് ലഷ്കർ ഭീകരനായ ആബിദ് അഹമ്മദ് വാനി കൊല്ലപ്പെട്ടു. കുൽഗാം സ്വദേശിയാണ്. സുരക്ഷാസേന പ്രദേശം വളഞ്ഞപ്പോൾ ഭീകരരാണ് ആദ്യം വെടിയുതിര്ത്തതെന്ന് പൊലീസ് ദേശാഭിമാനിയോട് പറഞ്ഞു. രജൗരി സൈനിക കേന്ദ്രത്തിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതി വിലയിരുത്തി. 10 വർഷംമുമ്പ് കേന്ദ്രം ഭീകര രഹിത ജില്ലകളായി പ്രഖ്യാപിച്ച രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ 2021 ഒക്ടോബർ മുതൽ 26 സൈനികർ ഉൾപ്പെടെ 35 പേരാണ് കൊല്ലപ്പെട്ടത്.