കൊച്ചി
കോവിഡ് മഹാമാരിക്കാലത്ത് മുന്നണിപ്പോരാളികളായ മലയാളി നഴ്സുമാർക്കും മാധ്യമസ്ഥാപനങ്ങൾക്കും മെൽബൺ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയ (ഐഎച്ച്എൻഎ) ഏർപ്പെടുത്തിയ അവാർഡുകൾ സമ്മാനിച്ചു. കോവിഡ്കാല റിപ്പോർട്ടിങ് മികവിനുള്ള ജനരക്ഷാ പുരസ്കാരം അച്ചടിമാധ്യമ വിഭാഗത്തിൽ ‘ദേശാഭിമാനി’ ഏറ്റുവാങ്ങി. ഓസ്ട്രേലിയ ഹെൽത്ത് കരിയർ ഇന്റർനാഷണൽ സ്കൂൾ ഓഫ് നഴ്സിങ് മേധാവി ഡോ. ലിസ വുഡ്മാനിൽനിന്ന് ദേശാഭിമാനിക്കുവേണ്ടി കൊച്ചി ബ്യൂറോ ചീഫ് ടി ആർ അനിൽകുമാർ അവാർഡ് സ്വീകരിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് അവാർഡ്. ദൃശ്യമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിനുവേണ്ടി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ഡി പ്രമേഷ്കുമാർ അവാർഡ് സ്വീകരിച്ചു.
കൊച്ചി ലേ മെറിഡിയൻ ഹാളിൽ നടന്ന അവാർഡുദാനച്ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി പി ജോയി മുഖ്യപ്രഭാഷണം നടത്തി. എ എം ആരിഫ് എംപി, ഉമ തോമസ് എംഎൽഎ, മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ, നടൻ സിജു വിൽസൺ, ഐഎച്ച്എൻഎ സിഇഒ ബിജോ കുന്നുംപുറത്ത്, മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി എന്നിവർ സംസാരിച്ചു. റിപ്പോർട്ടുകൾക്കുള്ള അവാർഡുകൾ റെജി ജോസഫ് (ദീപിക), കൃപ നാരായണൻ (മീഡിയ വൺ), ലിജോ ടി ജോർജ് (മാതൃഭൂമി), പി എസ് റംഷാദ് (സമകാലിക മലയാളം) എന്നിവരും ഏറ്റുവാങ്ങി.
ഗ്ലോബൽ നഴ്സിങ് ലീഡർഷിപ് അവാർഡുകളിൽ നഴ്സിങ് സ്ഥാപനത്തിനുള്ള പുരസ്കാരം തൃശൂർ അമല സ്കൂൾ ഓഫ് നഴ്സിങ്ങും വ്യക്തിഗത പുരസ്കാരം കൊല്ലം എൻഎസ് സ്മാരക ആശുപത്രിയിലെ നഴ്സിങ് കോ–-ഓർഡിനേറ്റർ കെ വിലാസിനി അമ്മയും ഏറ്റുവാങ്ങി.