കോഴിക്കോട്
പറക്കമുറ്റാത്ത ആറ് മക്കൾ. അച്ഛൻ കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന ആൾ. അമ്മ ആറാമത്തെ മകൾക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ മക്കളെ ഉപേക്ഷിച്ചു കടന്നു. ഉണ്ണികുളം പഞ്ചായത്തിലെ കരുമനയിലെ കുന്നിൻ മുകളിൽ സുരക്ഷിതമല്ലാത്ത വീട്ടിൽ അമ്മയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടികളുടെ താമസം. മതിയായ സുരക്ഷയും പരിചരണവുമില്ലാതെ കഴിഞ്ഞ കുട്ടികൾ ഇനി സർക്കാർ കരുതലിൽ. ചൈൽഡ് ലൈൻ ഏറ്റെടുത്ത കുട്ടികളെ കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് ലൈൻ വിഷയത്തിൽ ഇടപെട്ടത്. അച്ഛൻ എറണാകുളം സ്വദേശിയാണ്. മൂത്ത പെൺകുട്ടിക്ക് പത്തു വയസ്സുണ്ട്. ഇളയകുട്ടിക്ക് ആറുമാസം. മൂത്ത മകളാണ് മറ്റു കുട്ടികളെ പരിചരിക്കുന്നത്. അതിനാൽ പഠനവും ഇടയ്ക്കുവച്ച് മുടങ്ങി. മറ്റു കുട്ടികളാരും സ്കൂളിൽ പോയിട്ടുമില്ല. അമ്മയുടെ അച്ഛനും അമ്മൂമ്മയ്ക്കും പ്രായമായതിനാൽ കുട്ടികളെ പരിചരിക്കാനാവുന്നില്ല. അയൽവീട്ടുകാരാണ് ഭക്ഷണം ഉൾപ്പെടെ നൽകിയിരുന്നത്.
കുട്ടികളുടെ അമ്മ അലഞ്ഞുതിരിയുന്ന പ്രകൃതക്കാരിയാണ്. ഇടക്ക് വീടുവിട്ടിറങ്ങുന്ന ഇവർ മാസങ്ങൾക്കുശേഷമാണ് തിരിച്ചെത്തുക. അച്ഛൻ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അടുത്തിടെ വീട്ടിൽ എത്തിയിരുന്നു. മൂത്തമകളെ എറണാകുളത്ത് കൊണ്ടുപോയി താമസിപ്പിക്കാറുണ്ട്. നാട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകിയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചത്. അന്വേഷണത്തിൽ കുട്ടികൾക്ക് മതിയായ ഭക്ഷണംപോലും ലഭിച്ചിരുന്നില്ലെന്ന് മനസ്സിലാക്കി. തുടർന്നാണ് സെന്റ് ജോസഫ് ഹോമിലേക്ക് മാറ്റിയത്.