തൃശൂർ> രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു നിർണായക സംഭാവനകൾ നൽകുന്ന പൊതുമേഖലയെ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിൽ മുഴുവൻ ഇൻഷുറൻസ് ജീവനക്കാരും അണിനിരക്കണമെന്ന് സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ കേരള സംസ്ഥാന വനിതാ കൺവൻഷൻ ആഹ്വാനം ചെയ്തു.
മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ ദുരിതങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും ജസ്റ്റിസ് വർമ കമീഷൻ ശുപാർശകൾ കർശനമായി നടപ്പാക്കാനും കേന്ദ്രസർക്കാർ തയ്യാറാവുക, പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തെയും, ദേശീയ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന നാഷണൽ അസറ്റ് മോണിറ്റൈസേഷൻ പദ്ധതിയെയും ചെറുക്കുക, വിലക്കയറ്റം തടയാനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാർ തയ്യാറാവുക തുടങ്ങിയ പ്രമേയങ്ങളും കൺവൻഷൻ അംഗീകരിച്ചു.
എസ്സെഡ്ഐഇഎഫ് വൈസ് പ്രസിഡന്റ് ആർ പ്രീതി അധ്യക്ഷയായി. എൽഐസിഎസ്സെഡ് ഡബ്ല്യുഡബ്ല്യുസിസി ജോയിന്റ് കൺവീനർ കെ ആർ വിനി റിപ്പോർട്ട് അവതരിപ്പിച്ചു. എഐഐഇഎ വൈസ് പ്രസിഡന്റ് പി പി കൃഷ്ണൻ, എസ്സെഡ്ഐഇഎഫ് വൈസ് പ്രസിഡന്റ് ആർ സർവമംഗള, ആർ എസ് ചെമ്പകം, കെ കെ രജിത മോൾ, സി അനിത, വി വി സുമ എന്നിവർ സംസാരിച്ചു.