ന്യൂഡൽഹി> അധികാരികളുടെ അനാസ്ഥയിൽ കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ 56 മരണം സ്ഥിരീകരിച്ചു. പ്രധാന സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണിത്. മലനിരകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതിനാൽ മരണസംഖ്യ വീണ്ടും ഉയർന്നേയ്ക്കാം. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിന് സൈനികരെയും അർധ സേനാംഗങ്ങളെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് ജനങ്ങൾ. കാൽലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പുകളിലാണ്. ഭക്ഷണം അടക്കം അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നു. ഇന്ധനം കിട്ടാതായി. എടിഎമ്മുകൾ കാലിയായി.
ഇംഫാലിലെ റീജിയണൽ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടി(റിംസ്)ൽ 22, ജവഹർലാൽ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ 12, ചുരാചന്ദ്പുർ ജില്ലാ ആശുപത്രിയിൽ 12 വീതം മൃതദേഹങ്ങളുണ്ട്. ഛത്തീസ്ഗഢിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ സിആർപിഎഫ് കോൺസ്റ്റബിൾ ചങ്ലൻ ഹവോകിപ് ചുരാചന്ദ്പുരിൽ വെടിയേറ്റ് മരിച്ചു. ഇന്ത്യൻ റവന്യു സർവീസീൽ ജോലിചെയ്യുന്ന ലെത്മിന്താങ് ഹാവോകിപ് ഇംഫാലിൽ കൊല്ലപ്പെട്ടു. സുബ്രതോകപ്പ് ഇന്റർസ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ താരമായ മാങ്മിൻജോയ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെപ്പേരെ കൊണ്ടുവരുന്നതായി റിംസിലെ ഡോക്ടർമാർ പറഞ്ഞു.
ഇംഫാൽ താഴ്വരയിലെ കുകി ജനവാസകേന്ദ്രം പൂർണമായി തകർത്തു. വീടുകൾ കത്തിച്ചു. വാഹനങ്ങൾ മേൽകീഴായി മറിച്ചിട്ടു. ആളൊഴിഞ്ഞ വീടുകൾ കത്തീത്തീർന്ന പുക മാത്രം കാണാമെന്ന് പ്രാദേശിക ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തു. ഇംഫാലിലും ചുരാചന്ദ്പുരിലും തുറന്ന ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ കിട്ടാത്ത സ്ഥിതിയാണ്. ഉറ്റവരുടെയും ഉടയവരുടെയും അവസ്ഥ എന്താണെന്ന് അറിയാത്തതിലുള്ള വേവലാതിയും ക്യാമ്പുകളിൽ വ്യാപകമാണ്.
ഇതിനിടെ, മെയ്ത്തീ– കുകി വിഭാഗങ്ങൾ അക്രമാസക്തരായി സംഘടിക്കുന്നത് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് ആക്ഷേപം ഉയർന്നു. ചുരാചന്ദ്പുരിൽ കുകി യുദ്ധസ്മാരകം കത്തിച്ചതിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ പങ്കെടുത്ത് പ്രകടനങ്ങൾ നടന്നിരുന്നു. ഇതിനെതിരായി മെയ്ത്തീ വിഭാഗങ്ങൾ സംഘടിച്ച് നീങ്ങിയപ്പോൾ പൊലീസ് നിഷ്ക്രിയമായി. പർവതമേഖലകളിൽ സംസ്ഥാന സർക്കാർ നടത്തിയ ഒഴിപ്പിക്കലുകളും ഗോത്രവർഗക്കാരിൽ അസ്വസ്ഥത പടർത്തി.