തിരുവനന്തപുരം
സേഫ് കേരള പദ്ധതിയിലെ ആരോപണത്തിൽനിന്ന് മലക്കംമറിഞ്ഞ് പ്രതിപക്ഷവും മാധ്യമങ്ങളും. കടലാസ് കമ്പനിക്കാണ് കരാർ നൽകിയതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാലിപ്പോൾ ഈ കമ്പനി വൻകിട കമ്പനിയാണെന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ട് അവരുടെ ആസ്തി അന്വേഷിക്കണമെന്നും തട്ടിവിടുന്നുണ്ട്. കണ്ണൂരിലെ കമ്പനിയല്ല പ്രധാന ഉടമ പത്തനംതിട്ടക്കാരൻ ആണെന്നും തിരുത്തി. ഗൾഫിൽ അഞ്ഞൂറ് ഇരട്ടി വളർച്ചയാണ് ഈ കമ്പനി നേടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പുതിയ കണ്ടെത്തൽ. എസ്ആർഐടിയെ വിട്ട് പ്രസാഡിയോ ആണ് ഇതിന്റെ പ്രധാന പങ്ക്പറ്റിയതെന്ന് വരെയായി കാര്യങ്ങൾ. ഇതോടെ എഐ കാമറ വിവാദത്തിലും പ്രതിപക്ഷത്തിന്റെ മുനയൊടിഞ്ഞെന്ന് ഉറപ്പായി.
പദ്ധതി നടത്തിപ്പിലോ ഉപകരണങ്ങളുടെ ഗുണനിലവാരത്തിലോ അവയുടെ പ്രവർത്തനത്തിലോ എന്തെങ്കിലും പരാതി ഉന്നയിക്കാൻ ഇവർക്കാർക്കും കഴിഞ്ഞില്ല. ഇനി ആരോപണങ്ങളിൽനിന്ന് പിന്നോട്ടു പോവുകയേ വഴിയുള്ളു.
മുഖ്യമന്ത്രിയുടെ ബന്ധുവുമായി
ബിസിനസ് ബന്ധമില്ല: പ്രസാഡിയോ
പ്രസാഡിയോ കമ്പനിക്കെതിരായി ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഡയറക്ടർ സുരേന്ദ്ര കുമാർ. മുഖ്യമന്ത്രിയുടെ ബന്ധുവായ പ്രകാശ് ബാബുവിന് ബിസിനസിൽ ബന്ധമില്ലെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ സുരേന്ദ്ര കുമാർ പറഞ്ഞു. പ്രകാശ് ബാബുവുമായി അടുത്ത വ്യക്തിബന്ധമുണ്ട്. 2000 മുതൽ ഒമാനിൽ സുഹൃത്തും അയൽവാസിയുമാണ്. പ്രകാശ് ബാബുവിന് പണം നൽകിയത് വാടക ഇനത്തിലാണ്. അദ്ദേഹത്തിന്റെ കൊച്ചിയിലെ ഫ്ലാറ്റെടുത്തത് ജീവനക്കാരെ താമസിപ്പിക്കാനാണ്. പ്രസാഡിയോയുടെ കാര്യങ്ങൾ നോക്കിനടത്താൻ ഏൽപിച്ചിരിക്കുന്നത് രാംജിത്തിനെയാണെന്നും സുരേന്ദ്രകുമാർ പറഞ്ഞു.
രാംജിത് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിയാണെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. രാംജിത്താണ് പ്രസാഡിയോ കമ്പനിയുടെ ഉടമയെന്നും അദ്ദേഹം മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിയെന്നാണ് ആരോപണമെന്നും നേരത്തെ പറഞ്ഞ രമേശ് ചെന്നിത്തല വെള്ളിയാഴ്ച നിലപാട് മാറ്റി. കമ്പനിയുടെ പ്രധാന ഉടമ സുരേന്ദ്രകുമാറാണെന്നും അദ്ദേഹം സിപിഐ എം അനുഭാവിയാണെന്നുമായിരുന്നു പുതിയ ആരോപണം.