തിരുവനന്തപുരം
ദുരിതാശ്വാസനിധി കേസിൽ ഹർജിക്കാരൻ ആർ എസ് ശശികുമാർ ലോകായുക്തക്കെതിരെ ആരോപണമുന്നയിച്ചത് സ്വന്തം അഴിമതിക്കേസിലെ നടപടിക്രമം മറന്നെന്ന് രേഖകൾ. ശശികുമാറിനെതിരെ കൈക്കൂലി ആരോപണമുണ്ടായപ്പോഴും ലോകായുക്ത സമാന നടപടിക്രമങ്ങൾ സ്വീകരിച്ചെന്നും അനുകൂലവിധി നൽകിയെന്നും രേഖകൾ വ്യക്തമാക്കുന്നു.
ദുരിതാശ്വാസനിധി കേസ് ലോകായുക്ത പരിഗണിക്കാമോ എന്നതിൽ ഭിന്നാഭിപ്രായത്തെ തുടർന്ന് ഹർജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടപ്പോൾ ശശികുമാർ ദുരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പരിഗണിക്കാമെന്നും അന്വേഷണം വേണ്ടതാണെന്നും ലോകായുക്ത ഒരിക്കൽ പറഞ്ഞെന്നും മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വാദം.
ഇതംഗീകരിച്ചാൽ ശശികുമാർ മുൻകാല പ്രാബല്യത്തോടെ ലോകായുക്ത കേസിൽ പ്രതിയാകും. കോൺഗ്രസ് പ്രതിനിധിയായി കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നപ്പോഴാണ് അഴിമതിയാരോപണം നേരിട്ടത്. സർവകലാശാല കംപ്യൂട്ടർ സെന്ററിൽ പ്രോഗ്രാമർ നിയമനത്തിനുള്ള അഭിമുഖത്തിൽ മാർക്ക് കൂട്ടി നൽകാൻ പത്തു ലക്ഷം രൂപ ശശികുമാർ ആവശ്യപ്പെട്ടുവെന്നാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി 2014ൽ ലോകായുക്തയിൽ നൽകിയ പരാതി. പണം നൽകാത്തതിനാൽ മാർക്ക് കുറച്ചിട്ടെന്നും പരാതിയുണ്ടായിരുന്നു.
ജസ്റ്റിസ് കെ കെ ദിനേശൻ അധ്യക്ഷനായ ലോകായുക്ത ബെഞ്ച് കേസ് നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി ഹർജി ഫയലിൽ സ്വീകരിച്ചു. കേസ് ലോകായുക്തയുടെ അധികാരപരിധിയിൽ വരില്ലെന്ന് ശശികുമാർ വാദിച്ചു. ലോകായുക്ത നിയമത്തിന്റെ 8 (1) വകുപ്പനുസരിച്ച് കേസ് തങ്ങളുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രൻ ഹർജി തള്ളി.
അതേസമയം, ഈ കേസ് നിലനിൽക്കുന്നതായിരുന്നുവെന്ന് നിയമവിദഗ്ധർ പറയുന്നു.ശശികുമാറിനെതിരായ കേസിലെ നടപടിക്രമങ്ങൾ പിന്തുടർന്നാണ് ദുരിതാശ്വാനിധി കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിയിരിക്കുന്നത്. ആദ്യം പരിഗണിച്ച കേസിന്റെ നിലനിൽപ്പ് പിന്നീട് പരിശോധിക്കേണ്ടതില്ലെന്ന ശശികുമാറിന്റെ നിലപാട് സ്വന്തം കേസിൽ സ്വീകരിച്ചതിന് കടകവിരുദ്ധമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.