ന്യൂഡൽഹി
ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെ കമ്പനിക്ക് വായ്പ അനുവദിച്ച ബാങ്കുകള്‍ കടുത്ത ആശങ്കയില്‍. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ (എൻസിഎൽടി) ഗോ ഫസ്റ്റ് സമർപ്പിച്ച രേഖകളനുസരിച്ച് 6500 കോടി രൂപയ്ക്ക് മുകളിൽ വിവിധ ബാങ്കുകളിൽനിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. കമ്പനി പാപ്പരത്വ നടപടിയിലേക്ക് നീങ്ങിയതോടെ കടംതിരിച്ചടവ് പ്രതിസന്ധിയിലായി.
തകരാറായവയ്ക്ക് പകരമുള്ള എൻജിനുകൾ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റ് അധികൃതരുടെ വാദം. പണം തിരിച്ചടവ് മുടങ്ങിയതിനാലാണ് എൻജിൻ നൽകാത്തതെന്ന് അമേരിക്കൻ കമ്പനി വ്യക്തമാക്കി.
മുപ്പത് വര്‍ഷത്തിനിടെ നിരവധി ചെറുകിട എയർലൈനുകളാണ് രാജ്യത്ത് തകര്‍ന്നത്. ദമാനിയ എയർവേസ്, എൻഇപിസി എയർലൈൻസ്, എയർ ഡെക്കാൻ, എയർ സഹാറ, പാരാമൗണ്ട്, കിംഗ്ഫിഷർ, ജെറ്റ് എയർവേയ്സ് എന്നിവ ഇക്കൂട്ടത്തിലുണ്ട്.