ന്യൂഡൽഹി
രാജ്യത്തെ ഗുസ്തി മേഖലയിലെ സംഭവങ്ങളിൽ ആശങ്കരേഖപ്പെടുത്തി ഗുസ്തിമേഖലയിലെ ആഗോളസ്ഥാപനമായ യുണൈറ്റഡ് വേൾഡ് റെസ്ലിങ് (യുഡബ്ല്യുഡബ്ല്യു). ഗുസ്തി താരങ്ങളെ സമരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് യുഡബ്ല്യുഡബ്ല്യു പ്രസിഡന്റ് നെനാദ് ലാലോവിച്ച് ഔദ്യോഗിക വിശദീകരണമാവശ്യപ്പെട്ടു. ദേശീയ ഗുസ്തി ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയ്ക്കും അദ്ദേഹം കത്തുനൽകി. ഏപ്രിൽ 28നാണ് കത്തയച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
ആരാണ് രാജ്യത്തെ ഗുസ്തി മേഖലയെ നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ആവശ്യമെങ്കിൽ ദേശീയ ഫെഡറേഷൻ തെരഞ്ഞെടുപ്പിന് നിരീക്ഷകനെ നിയമിക്കുമെന്ന മുന്നറിയിപ്പും നൽകി. ഔദ്യോഗിക മറുപടിയില്ലെങ്കിൽ നടപടിയെടുക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ബ്രിജ്ഭൂഷണെ ന്യായീകരിച്ചും താരങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തിയ ഗൂഢാലോചനയാണ് സമരമെന്ന് ആരോപിച്ചും ഐഒഎ മറുപടി നൽകി. സർക്കാരിന്റെ അമിത ഇടപെടൽ ഉണ്ടാകുന്നുണ്ടെന്ന് ഗുസ്തി ഫെഡറേഷൻ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.