നെടുങ്കണ്ടം
മുണ്ടിയെരുമയിൽ മദ്യപിച്ചശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടികളുടെ അച്ഛനും ബന്ധുവും അറസ്റ്റിൽ. അച്ഛൻ ഒന്നാംപ്രതിയും ബന്ധു രണ്ടാംപ്രതിയുമാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊലപാതകശ്രമം, ആയുധം ഉപയോഗിച്ച് മർദിക്കൽ, സംഘംചേർന്ന് മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
അഞ്ചും ഏഴുംവയസ്സുള്ള പെൺകുട്ടികളും അച്ഛനും കുറച്ചുകാലമായി മുണ്ടിയെരുമയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസം. വീട്ടിൽനിന്ന് രാത്രി ഏറെ വൈകി കുട്ടികളുടെ കരച്ചിൽകേട്ടതിനെത്തുടർന്ന് അയൽവാസികളും ആശാവർക്കറും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ശരീരത്തിൽ ക്രൂരമർദനമേറ്റ പാടുകൾ കണ്ടത്. ഇവർ പട്ടം കോളനി മെഡിക്കൽ ഓഫീസർ വി കെ പ്രശാന്തിനെ വിവരമറിയിച്ചു. മെഡിക്കൽ ഓഫീസർ നെടുങ്കണ്ടം പൊലീസിൽ അറിയിക്കുകയായിരുന്നു.
മാനസികവെല്ലുവിളി നേരിടുന്നയാളാണ് കുട്ടികളുടെ അമ്മ. പെയിന്റിങ് തൊഴിലാളിയാണ് അച്ഛൻ. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി. നെടുങ്കണ്ടം സിഐ ബി എസ് ബിനു, എസ്ഐ കെ ടി ജയകൃഷ്ണൻ, എഎസ്ഐ ബിന്ദു, സിപിഒ ജയൻ, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുട്ടികൾ പഠിക്കാത്തതിനാലാണ് ശിക്ഷിച്ചതെന്നാണ് പെൺകുട്ടികളുടെ അച്ഛനും അമ്മാവനും പറയുന്നത്.