ഇടുക്കി > കുറച്ചു നേരത്തെ അവ്യക്തതകള്‍ക്കു ശേഷം അരിക്കൊമ്പന് കേരള തമിഴ്നാട് അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുമുള്ള സിഗ്നല്‍ ലഭിച്ചുതുടങ്ങി.
ഇന്നലെ ഉച്ചയ്ക്കു ശേഷം കോളറില്‍ നിന്നുമുള്ള സിഗ്നലുകള്‍ കിട്ടിയിരുന്നില്ല. വനം വകുപ്പ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ സിഗ്നലുകള്‍ ലഭിച്ചത്. അതിര്‍ത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ടു മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. അരിക്കൊമ്പന് ആരോഗ്യവാനാണെന്നും വനംവകുപ്പ് പറഞ്ഞു.
തമിഴ്നാട് വനമേഖലയിലെ മുല്ലക്കുടിയിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. അതേസമയം, അരിക്കൊമ്പന് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന് ദൗത്യം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.