തിരുവനന്തപുരം> എഐ കാമറ സ്ഥാപിക്കാൻ കരാർ ലഭിക്കാത്ത കമ്പനിക്ക് യോഗ്യതയില്ലെന്ന വിചിത്രവാദവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്കെതിരെ കൊണ്ടുവന്ന എല്ലാ ആരോപണവും പൊളിഞ്ഞപ്പോഴാണ് പുതിയ തരികിട. കരാർ ലഭിച്ച കമ്പനിക്ക് യോഗ്യതയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇത് രേഖകൾ സഹിതം പൊളിച്ചപ്പോഴാണ് പുതിയത് .കെൽട്രോൺ നടത്തിയ ടെൻഡറിൽ നാലു കമ്പനിയാണ് പങ്കെടുത്തത്. അതിൽ ഒന്നിനെ ആദ്യമേ തള്ളിയിരുന്നു. മറ്റ് മൂന്നു കമ്പനിയിൽ കുറഞ്ഞ തുക പറഞ്ഞ കമ്പനിക്ക് കെൽട്രോൺ കരാർ നൽകി.
കരാർ ലഭിക്കാത്ത അക്ഷര ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആവശ്യമായ യോഗ്യത ഇല്ലെന്നാണ് ചൊവ്വാഴ്ച ചെന്നിത്തല പറഞ്ഞത്. സ്ഥാപനത്തിന് ആറുവർഷത്തെ പ്രവൃത്തിപരിചയമേ ഉള്ളൂവെന്നുമാണ് വാദം. 10 വർഷം വേണമെന്നാണ് കരാർ. എന്നാൽ, ഈ കമ്പനി ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പാർട്ണർഷിപ്പിൽ പ്രവർത്തിച്ചിരുന്നു. ഇതിന് ലൈസൻസും ലഭിച്ചിരുന്നു. പിന്നീടാണ് സ്വന്തമായി കമ്പനി ആരംഭിച്ചത്. ഈ രേഖ കമ്പനി നൽകിയിട്ടുണ്ട്. കാമറ ഒന്നിന് 31 ലക്ഷം ചെലവിട്ടു എന്നായിരുന്നു ആദ്യ ആരോപണം. കാമറയും കൺട്രോൾ റൂമും സ്ഥാപിക്കലുമടക്കം അഞ്ചുവർഷത്തെ പ്രവർത്തനത്തിനാണ് ഈ തുകയെന്ന് വന്നതോടെ അത് പൊളിഞ്ഞു. കെൽട്രോൺ മറ്റൊരു കമ്പനിക്ക് ടെൻഡറില്ലാതെ കരാർ മറിച്ചു എന്നായി അടുത്തത്. അതും എട്ടുനിലയിൽ പൊട്ടി.
ഉടൻ രേഖകൾ മറച്ചുവയ്ക്കുന്നു എന്നായി. കെൽട്രോൺ വെബ്സൈറ്റിൽ എല്ലാ രേഖയും വന്നതോടെ അതും വിട്ടു. കരാർ നൽകിയ കമ്പനിക്ക് ഉപകരാർ നൽകാൻ വ്യവസ്ഥയില്ലെന്ന വാദമായി പിന്നീട്. ഉപകരാർ നൽകാൻ വ്യവസ്ഥയുണ്ടെന്നും കേന്ദ്ര വിജിലൻസ് കമീഷന്റെ മാർഗരേഖയിൽ ഇക്കാര്യം പറയുന്നുണ്ടെന്ന വിവരവും പുറത്തുവന്നു. അങ്ങനെ കാമറയിൽ പിടിച്ച പ്രതിപക്ഷത്തിന് ഷോക്കടിച്ച അവസ്ഥയാണ്.
‘ഇതാണ് ആ രേഖ’
തിരുവനന്തപുരം> ‘എഐ കാമറാ വിവാദ’ത്തിനൊപ്പം മുറുകുന്നത് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള ഏറ്റുമുട്ടലും. കൂടുതൽ കള്ളം ആര് പറയുമെന്നതിലാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനേക്കാൾ കൂടുതൽ രേഖ തന്റെ കൈയിൽ ഉണ്ടെന്ന് കഴിഞ്ഞ രണ്ട് വാർത്താസമ്മേളനത്തിലും രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. എന്നാൽ, കാമറ ഉദ്ഘാടനം ചെയ്തതുമുതൽ ഉന്നയിച്ച ഒരു ആരോപണത്തിനുപോലും പേരിന് ഒരുരേഖപോലും കാണിക്കാൻ ഇരുവർക്കുമായിട്ടില്ല.
ടെൻഡർ വിളിച്ചിട്ടില്ല എന്നായിരുന്നു ഏപ്രിൽ 20നു പറഞ്ഞത്. ടെൻഡർ രേഖ പുറത്തുവന്നു. വിവരാവകാശ പ്രകാരം ഒന്നും കിട്ടുന്നില്ലെന്നായി. എല്ലാ രേഖയും പൊതുമണ്ഡലത്തിലുണ്ടെന്ന് തെളിവുകൾ സഹിതം മന്ത്രി പി രാജീവ് വാർത്താസമ്മേളനം നടത്തി പറഞ്ഞു. ഉടനെ രണ്ട് രേഖ ഉടൻ ‘പുറത്തുവിടുന്നു’ എന്ന ഭീഷണിയുമായി ചെന്നിത്തല എത്തി. കരാർ കിട്ടാത്ത കമ്പനിയുടെ രേഖയുമായാണ് ഇതിന് എത്തിയത്. ഇതും പൊളിഞ്ഞു.