തിരുവനന്തപുരം> തപാൽ ജീവനക്കാരുടെ അഖിലേന്ത്യ സംഘടനയായ എൻഎഫ്പിഇയുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ എന്നിവരെയെല്ലാം നിശ്ശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി. ഇത് ഉടൻ പിൻവലിക്കണം. ഇക്കാര്യമുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും അഭ്യർഥിച്ചു.
തപാൽ വകുപ്പിൽ 70 ശതമാനം ജീവനക്കാരുടെ പിന്തുണയുള്ള സംഘടനയാണ് എൻഎഫ്പിഇ. സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനാലാണ് പ്രതികാരനടപടിയെന്ന് ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി.