പാലക്കാട്> അതുല്യനായ സംഘാടകനെയും ധീരനും മനുഷ്യ സ്നേഹിയുമായ കമ്യൂണിസ്റ്റിനെയുമാണ് സഖാവ് എം ചന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് ജില്ലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനും വിശേഷിച്ച് സിപിഐ എമ്മിനും ഇടക്കാലത്ത് സംഭവിച്ച ക്ഷീണം പരിഹരിച്ച് വലിയ ശക്തിയായി ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ വളർത്തിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച സഖാവാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായി ജില്ലാ കേന്ദ്രത്തിൽ, കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ പ്രവർത്തിക്കുന്ന കാലത്താണ് ചന്ദ്രേട്ടനുമായി അടുത്തിടപഴകാൻ അവസരമുണ്ടായത്. അദ്ദേഹത്തിൻ്റെ തുറന്ന പെരുമാറ്റവും എം ടി കഥകളിലെ സംഭാഷണം പോലുള്ള വർത്തമാനവും ലാളിത്യവുമൊക്കെ അടുത്തറിയാൻ പറ്റി. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് എളുപ്പവഴികളൊന്നും ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാർക്ക് മുന്നേറാൻ പോരാട്ടത്തിന്റെയും സമരങ്ങളുടെയും പാത മാത്രമേയുള്ളൂ. ആ പാതയിലൂടെ ഒരു പതിറ്റാണ്ടിലധികം അദ്ദേഹം പാലക്കാട് ജില്ലയിലെ പ്രസ്ഥാനത്തെ നയിച്ചു.
വർഗ-ബഹുജന പ്രസ്ഥാനങ്ങളെ വളർത്തിയെടുക്കുന്നതിലും അവയിലൂടെ ഉയർന്നു വരുന്ന പ്രവർത്തകരെ പൊതു പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിലും വളരെയേറെ ശ്രദ്ധ പുലർത്തിയ നേതാവാണ്. വളരെ താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് ഉയർന്നു വന്ന നേതാവാണ്. അതിനാൽ നാടിനെയും ജനങ്ങളെയും നന്നായി മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.