ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ശക്തമാക്കി താരങ്ങൾ. സമരം ഞായറാഴ്ച ഏഴുദിവസം പൂർത്തിയാക്കി. ബ്രിജ്ഭൂഷണെ ജയിലിൽ അടയ്ക്കുംവരെ ജന്തർ മന്തറിൽ സമരം തുടരുമെന്ന് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ ‘മൻ കീ ബാത്ത്’ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് വിനേഷ് ഫോഗട്ട് അഭ്യർഥിച്ചു. ആർജെഡി തലവൻ ലാലുപ്രസാദ് യാദവും ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണപ്രഹസനമാണോ നടത്തുന്നതെന്ന് കപിൽ സിബലും ആശങ്ക പ്രകടിപ്പിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സമരം നിർത്തി പരിശീലനം തുടങ്ങണമെന്നും ആവശ്യപ്പെട്ട് ആരോപണം അന്വേഷിക്കാൻ കായിക മന്ത്രാലയം നിയമിച്ച സമിതിയംഗവും മുൻ ഗുസ്തി താരവുമായ യോഗേശ്വർ ദത്ത് രംഗത്തുവന്നു. രണ്ടു വിഭാഗത്തിന്റെയും ഭാഗംകേട്ട് റിപ്പോർട്ട് സമർപ്പിക്കൽ മാത്രമാണ് കമ്മിറ്റിയുടെ ജോലി. പ്രധാനമന്ത്രിക്കല്ല കോടതിക്കാണ് ശിക്ഷിക്കാനുള്ള അധികാരമെന്നും ദത്ത് പറഞ്ഞു. അതേസമയം, മാസങ്ങളായുള്ള പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതാണ് രണ്ടാം സമരത്തിലേക്ക് നയിച്ചതെന്ന് ഗുസ്തി താരം സത്യവർത്ത് കാഡിയൻ പ്രതികരിച്ചു.
സമരമിരുന്നതുകൊണ്ട്
നീതി കിട്ടില്ലെന്ന്
ബ്രിജ് ഭൂഷൺ
സമരം നടത്തുന്ന ഗുസ്തി താരങ്ങളെ ആക്ഷേപിച്ച് ആരോപണവിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ. പ്രതിപക്ഷത്തിന്റെ കളിപ്പാവകളാണ് സമരക്കാരെന്നും ഹരിയാനയിലെ കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയുടെ അഖാഡയിൽ നിന്നുള്ളവരാണ് എല്ലാ പരാതിക്കാരെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. ജന്തർ മന്തറിൽ സമരമിരുന്നതുകൊണ്ട് നീതി കിട്ടില്ലെന്നും പരിഹസിച്ചു. സമരത്തിന്റെ ഒന്നാം ദിനംമുതൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞതായും യുപിയിലെ ഗോണ്ടയിൽ അദ്ദേഹം അവകാശപ്പെട്ടു.