തിരുവനന്തപുരം> പൊലീസുദ്യോഗസ്ഥർക്കും ജീവനക്കാർക്കും കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധമാക്കി. നിരവധി ഉദ്യോഗസ്ഥർ സർക്കാർ അനുമതി ലഭിക്കുംമുമ്പ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങത്തിലെ 48ാം വകുപ്പ് പ്രകാരം സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ സിനിമ/സീരിയൽ തുടങ്ങിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ പങ്കെടുക്കാനോ പ്രതിഫലം വാങ്ങാനോ പാടില്ല. ഓഗരാ കല, സാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെടാനും സർക്കാർ തലത്തിൽ ഓരോ കേസും പ്രത്യേക പരിശോധനയ്ക്ക് ശേഷം ആയതിന്റെ മെറിറ്റ് അനുസരിച്ച് മാത്രമായിരിക്കും അനുമതി.
അതേസമയം, പൊലീസ് വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ സർക്കാർ അനുമതിക്കായി അപേക്ഷ നൽകിയ ശേഷം മുൻകൂർ അനുമതി ലഭിക്കും മുമ്പ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. സേനാംഗങ്ങളും മിനിസ്റ്റീരിയൽ സ്റ്റാഫും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടും മുമ്പ് അവധിക്കായി അനുമതി വാങ്ങണം. അഭിനയിക്കുന്നതിന് അനുമതി ലഭിക്കാൻ അപേക്ഷ നൽകുന്ന ഓരോ ഉദ്യോഗസ്ഥരും അവർ നൽകുന്ന പ്രൊഫോർമയിൽ ഒരുമാസം മുമ്പ് അപേക്ഷ നൽകണം. സമയക്രമം പാലിക്കാതെ ലഭിക്കുന്ന അപേക്ഷകൾ അതാത് യുണിറ്റുകളിൽ നിന്ന് തന്നെ മടക്കി നൽകണം.
അപേക്ഷ നൽകിയ ശേഷം മുൻകൂർ അനുമതിയില്ലാതെ കലാസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ഉത്തരവിൽ വ്യക്തമാക്കി.