കോഴിക്കോട്> സമ്പൂർണ അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് പഠനത്തിലുണ്ട്. പക്ഷേ ചില ഇടങ്ങളിൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. അത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. പൂർണമായി ഇല്ലാതാക്കാൻ ഇടപെടൽ ആവശ്യമാണ്. സർവീസ് മേഖലയ്ക്കതിൽ വലിയ പങ്കുവഹിക്കാനാകും. അഴിമതിക്കാരോട് ഒരു ദയാ ദാക്ഷിണ്യവും ഉണ്ടാകില്ല.
ഓഫീസുകളിൽ സേവനം നൽകുക എന്നത് ജനങ്ങൾക്കുള്ള ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശം ആണെന്ന ബോധം ഉദ്യോഗസ്ഥരിൽ ഉണ്ടാവണം. അപ്പോൾ നടപടികളിൽ വേഗം കൈവരും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമപ്പെടുത്തൽ ഫലം കണ്ടു. ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് വലിയ മാറ്റമുണ്ടായി. ശേഷിക്കുന്നവയിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാനായാണ് മന്ത്രിമാർ പങ്കെടുക്കുന്ന താലൂക്ക് തല അദാലത്ത് നടത്തുന്നത്. സർക്കാർ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാവാൻ അർപ്പണ ബോധമുള്ള സിവിൽ സർവീസ് ആണ് നാടിന് ആവശ്യം. ആവശ്യമുള്ളത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലെന്ന പ്രശ്നത്തിന് പരിഹാരമായാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിച്ചത്. കേരളത്തിന്റെ സ്വപ്നമാണ് അതിലൂടെ യാഥാർഥ്യമായത്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങൾ. ക്ഷേമ പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, 2.31 ലക്ഷം പട്ടയങ്ങൾ, മൂന്നര ലക്ഷത്തോളം വീടുകൾ എന്നിവ നൽകി. രണ്ടാം വർഷത്തിൽ എത്ര പുരോഗതി കൈവരിച്ചു എന്നറിയാൻ പ്രോഗ്രസ് റിപ്പോർട്ട് ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ, എളമരം കരീം എംപി, എംഎൽഎമാരായ പി ടി എ റഹീം, ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ പി കുഞ്ഞമ്മദ്കുട്ടി, ഇ കെ വിജയൻ, കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഡിഡിസി എം എസ് മാധവിക്കുട്ടി, സബ് കലക്ടർ വി ചെൽസാസിനി എന്നിവർ സംസാരിച്ചു. കലക്ടർ എ ഗീത സ്വാഗതവും എഡിഎം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.