ന്യൂഡൽഹി> ജമ്മു– കശ്മീരിൽ അടിയന്തരമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. 2018 മുതൽ ജമ്മു– കശ്മീരിൽ നിയമസഭയില്ലാത്ത സാഹചര്യമാണ്. മൂന്ന് കാര്യങ്ങൾ പൂർത്തീകരിച്ചാൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ഒന്ന്, മണ്ഡല പുനർനിർണയ പ്രക്രിയ പൂർത്തീകരിക്കൽ. രണ്ട്, വോട്ടർ പട്ടിക പുതുക്കൽ. മൂന്ന്, തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ സമാധാനാന്തരീക്ഷം.
ഇത് മൂന്നും സാധ്യമായെന്നാണ് സർക്കാർ തന്നെ അവകാശപ്പെടുന്നത്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വിസ്സമ്മതിക്കുകയാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ഭരണത്തിലെത്താനാവില്ലെന്ന ബോധ്യം ഭരണപക്ഷത്തിനുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ അടിസ്ഥാന ഭരണഘടനാ അവകാശങ്ങളുടെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണ്– കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.
അദാനി തട്ടിപ്പ്: ജെപിസി അന്വേഷണം വേണം
അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് സർക്കാർ താൽപ്പര്യപ്പെടുന്നില്ല. ആരോപണങ്ങൾ അന്വേഷിക്കാൻ സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മെയ് രണ്ടിനകം സ്ഥിതിവിവര റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഈ സമരപരിധി ആറുമാസത്തേക്ക് കൂടി നീട്ടണമെന്നാണ് സെബി ഇപ്പോൾ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണമാണ് ആവശ്യം- കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.