പാരിസ്
എട്ടുമാസത്തോളം കരകാണാക്കടലിൽ ഏകനായുള്ള യാത്ര. ഒരു സഹായവുമില്ല. മനുഷ്യനെ കാണാനോ ബന്ധപ്പെടാനോ പറ്റാതെ കാറ്റിന്റെ ഗതിക്കനുസരിച്ചുള്ള യാത്ര. നിശ്ചയദാർഢ്യവും മനഃസാന്നിധ്യവും ഉള്ളവർക്കുമാത്രം സാധ്യമാകുന്ന അതിസാഹസിക യാത്ര. അഭിലാഷ് ടോമി പൂർത്തിയാക്കിയത് അത്തരമൊരു യാത്രയാണ്.
പായ്ക്കപ്പലിൽ അഞ്ച് മഹാസമുദ്രങ്ങളും അപകടകരമായ മുനമ്പുകളും താണ്ടാൻ വേണ്ടിവന്നത് 236 ദിവസം, 14 മണിക്കൂർ, 46 മിനിറ്റ്, 34 സെക്കൻഡ്. വൻ തിരമാലകളെയും കൊടുങ്കാറ്റിനെയും അപകടകാരികളായ കടൽ ജീവികളെയും അതിജീവിച്ചാണ് യാത്ര പൂർത്തിയാക്കിയത്. 2018ൽ അപകടം പറ്റിയതിനാൽ മികച്ച തയ്യാറെടുപ്പായിരുന്നു. അബുദാബിയിലെ ബയാനത്ത് ഗ്രൂപ്പായിരുന്നു മുഖ്യ പ്രായോജകർ. അതിനാൽ ‘ബയാനത്ത്’ എന്ന പായ്വഞ്ചിയിലായിരുന്നു യാത്ര. ഇന്ത്യയിൽനിന്നുള്ള ഏക സഹപ്രായോജകർ കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്പോർട്സാണ്.
യാത്ര 210 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഫ്രാൻസിലെ കടൽത്തീരനഗരമായ ലേ സാബ്ലേ ദെലോണിൽനിന്ന് 2022 സെപ്തംബർ നാലിന് യാത്ര തുടങ്ങുമ്പോൾ ഒരു വനിതയടക്കം 16 പേരുണ്ടായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലാണ് തുടക്കം. കാറ്റിന്റെ ഗതിക്കനുസരിച്ച് സുഖകരമായ യാത്ര. അന്റാർട്ടിക് സമുദ്രത്തിലേക്ക് കയറിയതോടെ ഏഴുപേർ പിൻവാങ്ങി. അഭിലാഷ് മൂന്നാംസ്ഥാനത്തായിരുന്നു. അതിനിടെ അപകടത്തിൽപ്പെട്ട ഫിൻലൻഡ് നാവികൻ ടാപിയോ ലെഹ്തിനനെ സഹായിക്കാൻ സമയം ചെലവഴിച്ചു. ജനുവരിയായപ്പോൾ അഭിലാഷ് രണ്ടാംസ്ഥാനത്തേക്ക് കയറി. ഒന്നാംസ്ഥാനത്ത് ബ്രിട്ടീഷുകാരൻ സൈമൺ കർവൻ. മൂന്നാമത് ദക്ഷിണാഫ്രിക്കക്കാരി കേഴ്സ്റ്റൺ ന്യൂസ്ഷഫർ. ഫെബ്രുവരിയായതോടെ ഒന്നാമൻ പിന്മാറി. ബോട്ടിലെ തകരാായിരുന്നു കാരണം. കേഴ്സ്റ്റൺ ഒന്നാം സ്ഥാനത്തേക്ക് കയറി.
പസഫിക് സമുദ്രമായിരുന്നു പ്രധാന വെല്ലുവിളി. കേപ്ഹോൺ മുനമ്പിൽ രണ്ടുതവണ വലിയ തിരയിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. മൂന്ന് മഹാമുനമ്പുകൾ താണ്ടി ഫിനിഷിങ്ങിന് തയ്യാറെടുത്തു. ഗുഡ്ഹോപ്, കേപ്ഹോൺ, ല്യൂവിൻ മുനമ്പുകൾ മറികടന്നായിരുന്നു കുതിപ്പ്. അപ്പോഴേക്കും മത്സരത്തിൽ മൂന്നുപേർ ബാക്കിയായി. മാർച്ചിൽ പായ്വഞ്ചിയിലുണ്ടായ തകരാർ സ്വയം പരിഹരിച്ചു. ഏപ്രിലിൽ ഒരുദിവസം കേഴ്സ്റ്റണെ മറികടക്കാനായി. എന്നാൽ, ദക്ഷിണാഫ്രിക്കക്കാരി ലീഡ് തിരിച്ചുപിടിച്ചു.
കാത്തിരിപ്പിനൊടുവിൽ കേഴ്സ്റ്റൺ വെള്ളി അർധരാത്രി ഒന്നാമതായി ഫിനിഷ് ചെയ്തു. ടാപിയോയുടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തതിനാൽ 23 മണിക്കൂറിന്റെ സമയ ആനുകൂല്യം നാൽപ്പതുകാരിക്ക് ലഭിച്ചു. ശനി രാവിലെ അഭിലാഷ് എത്തുമ്പോൾ ലേ സാബ്ലേ ദെലോണിൽ തിരിച്ചെത്തുമ്പോൾ സ്വീകരിക്കാൻ സഹോദരൻ അനീഷുണ്ടായിരുന്നു.
‘ഗോൾഡൻ
ഗ്ലോബ്’
സാഹസിക കടൽയാത്രയുടെ അവസാനവാക്കാണ് ഗോൾഡൻ ഗ്ലോബ്. ഒറ്റയ്ക്ക്, എവിടെയും നിർത്താതെ, ആരുടെയും സഹായമില്ലാതെ പായ്വഞ്ചിയാത്രയാണ് മത്സരം. ദൂരം ഏകദേശം 48,000 കിലോമീറ്റർ. 1968ൽ ലോകം ചുറ്റിയുള്ള ആദ്യയാത്ര നടന്നു. ഒമ്പതുപേർ അണിനിരന്ന മത്സരത്തിൽ ഒരാൾമാത്രമാണ് ഫിനിഷ് ചെയ്തത്.
ബ്രിട്ടീഷ് നാവികനായ റോബിൻ നോക്സ് ജോൺസ്റ്റണായിരുന്നു വിജയി. ബാക്കിയുള്ളവർ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുകയോ കടലിൽ മുങ്ങിപ്പോവുകയോ ചെയ്തു. ഏകാന്തതയിൽ മനംമടുത്ത് ഒരാൾ ജീവനൊടുക്കി.
ഈ യാത്രയുടെ 50–-ാം വാർഷികത്തിൽ, 2018ൽ വീണ്ടും മത്സരം സംഘടിപ്പിച്ചു. അതിൽ 18 പേർ അണിനിരന്നു. ഫിനിഷ് ചെയ്തത് അഞ്ചുപേർ. ഫ്രഞ്ചുകാരൻ ജീൻ ലുക്വാൻ ഡെൻ ഹീഡി വിജയിയായി. ഇന്ത്യയുടെ അഭിലാഷ് ടോമി മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി. നാലുവർഷത്തിനുശേഷമുള്ള രണ്ടാംപതിപ്പാണ് ഇപ്പോൾ നടന്നത്. 2022 സെപ്തംബർ നാലിന് ഫ്രഞ്ച് കടൽത്തീരനഗരമായ ലേ സാബ്ലേ ദെലോണിൽനിന്ന് യാത്ര തുടങ്ങി അവിടെത്തന്നെ തിരിച്ചെത്തുന്നതായിരുന്നു മത്സരം. അഞ്ചു മഹാസമുദ്രങ്ങളും അപകടമുനമ്പുകളും താണ്ടണം. 1968ലെ മത്സരത്തിൽ നാവികർ ഉപയോഗിച്ച അതേ സംവിധാനങ്ങൾമാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പുതിയ കാലത്തെ ഒരു സാങ്കേതികസൗകര്യങ്ങളും പാടില്ല. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് യാത്ര. വഴിയറിയാൻ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമേ പാടുള്ളൂ. മത്സരാർഥി യാത്രയ്ക്കിടെ ആരുമായും ബന്ധപ്പെടാൻ പാടില്ല.
മരണവുമായി മുഖാമുഖം
അഞ്ചുവർഷംമുമ്പ് മരണത്തെ മുഖാമുഖം കണ്ട അഭിലാഷ് ടോമിയുടെ തിരിച്ചുവരവാണ് ഈ വിജയം. 2018ലെ ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്ഷോഭത്തിൽപ്പെട്ട് അഭിലാഷ് സഞ്ചരിച്ച ‘തുരീയ’ എന്ന ബോട്ട് തകർന്നു. പായ്മരം ഒടിഞ്ഞ് നടുവിന് പരിക്കേറ്റ് ബോട്ടിൽ കിടപ്പായി.
മൂന്നുദിവസം ഒന്നും ചെയ്യാനാകാതെ ബോട്ടിൽ മരണം മുന്നിൽ കണ്ട് കിടന്നു. ഒടുവിൽ ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ രക്ഷയ്ക്കെത്തി. ഇന്ത്യൻ സൈന്യത്തിന് കൈമാറി. നട്ടെല്ലിനായിരുന്നു പരിക്ക്. നാവികസേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. നീണ്ട വിശ്രമത്തിനുശേഷമാണ് ഇക്കുറി വീണ്ടും മത്സരത്തിനിറങ്ങിയത്.
മുമ്പും ഒറ്റയ്ക്ക്
ലോകം ചുറ്റി
അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് യാത്രയ്ക്ക് തയ്യാറെടുക്കുംമുമ്പ് ലോകം ചുറ്റിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയിലുള്ളപ്പോഴായിരുന്നു യാത്ര. സേനയുടെ ‘സാഗർ പരിക്രമ–2’ യാത്ര 2012 നവംബർ ഒന്നിന് മുംബെെ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് തുടങ്ങി അവിടെത്തന്നെ അവസാനിച്ചതാണ്. പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾ കടന്നുള്ള യാത്ര 42,871 കിലോമീറ്ററായിരുന്നു. 151 ദിവസംകൊണ്ടാണ് യാത്ര പൂർത്തിയായത്. സാഹസികയാത്രയ്ക്കുള്ള ബഹുമതിയായി കീർത്തിചക്രയും ടെൻസിങ് നോർഗെ പുരസ്കാരവും ലഭിച്ചു. ഗോവ നാവിക അക്കാദമിയിൽ പഠിച്ചശേഷമാണ് നാവികസേനയിൽ ചേർന്നത്. ഓഫീസറായാണ് തുടക്കം. 2021ൽ കമാൻഡറായാണ് വിരമിച്ചത്.