പാരിസ്
അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘ബയാനത്ത്’ കുതിച്ചത് ചരിത്രത്തിലേക്കാണ്. സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരനെന്ന ബഹുമതി മലയാളിയായ 44കാരൻ സ്വന്തമാക്കി. അഞ്ച് മഹാസമുദ്രങ്ങൾ താണ്ടുന്ന അതിസാഹസിക യാത്രയിൽ പിന്നിട്ടത് 48,000 കിലോമീറ്റർ. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും 34 സെക്കൻഡുമെടുത്താണ് ലക്ഷ്യം കൈവരിച്ചത്. 2022 സെപ്തംബർ നാലിന് തുടങ്ങിയ യാത്ര ശനി രാവിലെ പത്തരയോടെ അവസാനിച്ചു.
ദക്ഷിണാഫ്രിക്കക്കാരി കേഴ്സ്റ്റൺ ന്യൂഷഫർ വ്യാഴം അർധരാത്രി ഒന്നാമതായി ഫിനിഷ് ചെയ്തിരുന്നു. ഒരു വനിതയടക്കം 16 പേർ അണിനിരന്ന മത്സരത്തിൽ അഭിലാഷിന് രണ്ടാംസ്ഥാനമാണ്. മത്സരത്തിൽ മൂന്നുപേരാണ് അവശേഷിച്ചത്. ഓസ്ട്രിയയുടെ മൈക്കൽ ഗുഗൻ ബെർജർ ഫിനിഷ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കടൽയാത്രാ മത്സരമായാണ് ഗോൾഡൻ ഗ്ലോബ് വിലയിരുത്തപ്പെടുന്നത്. ഫ്രാൻസിലെ കടൽത്തീരനഗരമായ ലേ സാബ്ലേ ദെലോണിൽ നിന്നും ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന യാത്രയിൽ ആരുടേയും സഹായം തേടാൻ പാടില്ല. പായ്വഞ്ചിയിൽ കാറ്റിന്റെ ഗതിക്കനുസരിച്ച്, എവിടേയും നിർത്താതെയാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങളോ സാങ്കേതികവിദ്യയോ ഉപയോഗിക്കാൻ പാടില്ല. ദിശ അറിയാൻ വടക്കുനോക്കിയന്ത്രവും ഭൂപടവുംമാത്രം. 2018ൽ മത്സരത്തിനിടെ അഭിലാഷ് പരിക്കേറ്റ് പിന്മാറിയിരുന്നു. ഇന്ത്യൻ നേവി റിട്ട. കമാൻഡറായ അഭിലാഷ് എറണാകുളം കണ്ടനാട് സ്വദേശിയാണ്. ഭാര്യ ഉർമിമാല, മക്കളായ വേദാന്ത്, അദ്രനീൽ എന്നിവർക്കൊപ്പം ഗോവയിലാണ് താമസം.