ന്യൂഡല്‍ഹി> പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ രണജിത് ഗുഹ അന്തരിച്ചു. 99 വയസായിരുന്നു. ഓസ്ട്രിയയിലെ വിയന്ന വുഡ്സിലായിരുന്നു അന്ത്യം. പോസ്റ്റ് കൊളോണിയല്‍, സബാള്‍ട്ടേൺ പഠനങ്ങളിലുള്ള ഗുഹയുടെ സംഭാവനകളും രചനകളും ഏറെ ശ്രദ്ധേയമാണ്. ഈ രംഗത്ത് ധാരാളം അക്കാദമിക് വിദഗ്ധരും ഗുഹയുടെ ശിക്ഷണത്തിനു കീഴില്‍ ഉണ്ടായിട്ടുണ്ട്. ദീപേഷ് ചക്രബര്‍ത്തി, പാര്‍ഥ ചാറ്റര്‍ജി, ഗായത്രി ചക്രവര്‍ത്തി സ്പിവാക് എന്നിവര്‍ ഇതില്‍ പ്രമുഖരാണ്.
കൊളോണിയൽ ഇന്ത്യയിലെ കർഷക കലാപത്തിന്റെ പ്രാഥമിക വശങ്ങൾ (Elementary Aspects of Peasant Insurgency in Colonial India) ആണ് ഗുഹയുടെ ഏറ്റവും ശ്രദ്ധേയമായ കൃതി. ഹിസ്റ്ററി അറ്റ് ദ ലിമിറ്റ് ഓഫ് വേൾഡ് ഹിസ്റ്ററി, ഡോമിനന്സ് വിത്തൗട്ട് ഹെജിമണി: ഹിസ്റ്ററി ആന്‍ഡ് പവര്‍ ഇന്‍ കൊളോണിയല്‍ ഇന്ത്യ, ദ സ്മാള്‍ വോയ്സ് ഓഫ് ഹിസ്റ്ററി, ഏന് ഇന്ത്യന്‍ ഹിസ്റ്റോറിയോഗ്രഫി ഓഫ് ഇന്ത്യ: എ നൈന്റീന്ത് സെഞ്ച്വറി അജണ്ട ആന്‍ഡ് ഇറ്റ്സ് ഇംപ്ലിക്കേഷന്‍സ് എന്നിവയാണ് മറ്റു കൃതികള്‍.
1923 ല്‍ ഇന്നത്തെ ബംഗ്ലാദേശില്‍ ഉള്‍പ്പെടുന്ന സിദ്ധകാതിയിലായിരുന്നു ജനനം. 1959ല്‍ യു കെ യിലെത്തിയ അദ്ദേഹം ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്നു.