പ്രത്യേക ലേഖകൻ
ന്യൂഡൽഹി> രാജ്യത്തെ ബഹുഭൂരിപക്ഷം തപാൽ ജീവനക്കാരുടെയും പിന്തുണയുള്ള സംഘടന എൻഎഫ്പിഇയുടെ അംഗീകാരം കർഷകപ്രക്ഷോഭത്തിന് സാമ്പത്തികസഹായം നൽകിയെന്ന പേരിൽ കേന്ദ്രസർക്കാർ പിൻവലിച്ചു. ഘടക അസോസിയേഷനായ അഖിലേന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് ‘സി’യുടെ അക്കൗണ്ടിൽനിന്ന് 2021 മാർച്ച് 31ന് 30,000 രൂപ കർഷകപ്രസ്ഥാനത്തിന് നൽകിയെന്ന് ആരോപിച്ചാണ് നടപടി. കർഷകർ രാഷ്ട്രീയത്തിന് അതീതമായി നടത്തിയ മുന്നേറ്റത്തിന് സഹായം നൽകുകയെന്ന കടമയാണ് നിർവഹിച്ചതെന്ന ഫെഡറേഷന്റെ വാദം സർക്കാർ അംഗീകരിച്ചില്ല. സിപിഐ എമ്മിന് 4,935 രൂപയും സിഐടിയുവിന് 50,000 രൂപയും ഫെഡറേഷനും അനുബന്ധ സംഘടനകളും സംഭാവന നൽകിയെന്നും സർക്കാർ ആരോപിക്കുന്നു.
പതിനേഴ് ലക്ഷം കോടിയോളം രൂപയുടെ ധനകാര്യ സേവന ഇടപാടുള്ള തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ എൻഎഫ്പിഇ ചെറുത്തുനിൽക്കുന്ന സാഹചര്യത്തിലാണ് അംഗീകാരം പിൻവലിച്ചത്. സ്വകാര്യവൽക്കരണത്തിനെതിരായും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ഈയിടെ ഏകദിന പണിമുടക്ക് നടത്തി. 10 വർഷം മുമ്പ് ജീവനക്കാർക്കിടയിൽ നടത്തിയ ഹിതപരിശോധനയിൽ 75 ശതമാനം വോട്ട് നേടിയാണ് എൻഎഫ്പിഇ അംഗീകാരം ഉറപ്പിച്ചത്. ബിഎംഎസ് സംഘടനയ്ക്ക് അന്ന് അഞ്ച് ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്. അടുത്ത വർഷം വീണ്ടും ഹിതപരിശോധന നടക്കാനിരിക്കെ കേന്ദ്രം ഈ നടപടി സ്വീകരിച്ചത് മേഖലയിൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എൻഎഫ്പിഇ അസി. ജനറൽ സെക്രട്ടറി പി കെ മുരളീധരൻ പറഞ്ഞു. തപാൽ വകുപ്പിലെ നാലര ലക്ഷം ജീവനക്കാരിൽ മൂന്ന് ലക്ഷം പേരുടെയും പിന്തുണ എൻഎഫ്പിഇയ്ക്കാണ്. ആശയപരമായ നിലപാടിന്റെ അടിസ്ഥാനത്തിൽ സംഘടന എടുക്കുന്ന ഏതു തീരുമാനത്തിനും ജീവക്കാരുടെ പിന്തുണയുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതിയ പാരമ്പര്യമുള്ള സംഘടനയാണിത്. ഈയിടെ സർക്കാർ തീരുമാനത്തെ സംഘടന എല്ലാ തലത്തിലും ശക്തമായി നേരിടുമെന്ന് മുരളീധരൻ പറഞ്ഞു. 1960കളിൽ രണ്ട് പ്രാവശ്യവും പിന്നീട് അടിയന്തരാവസ്ഥയിലും സംഘടനയുടെ(അന്നത്തെ എൻഎഫ്പിടിഇ) അംഗീകാരം സർക്കാർ പിൻവലിച്ചു. എന്നാൽ ബഹുഭൂരിപക്ഷം ജീവനക്കാരുടെയും സംഘടനയായി തിരിച്ചുവന്നു.