ബംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കേണ്ട ദിവസം കഴിഞ്ഞിട്ടും ബിജെപിയിലും കോൺഗ്രസിലും വിമതശല്യം രൂക്ഷം. കോൺഗ്രസിന് 18 ഇടത്തും ബിജെപിക്ക് 14 ഇടത്തും വിമത സ്ഥാനാർഥികളുണ്ട്. ഇവരിൽ മുൻ എംഎൽഎ അടക്കമുള്ള നേതാക്കളും പെടും. ജനതാദളിന് മാണ്ഡ്യയിലും വിമത സ്ഥാനാർഥിയുണ്ട്. പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചു.
ബിജെപിക്ക് ഗാന്ധിനഗർ, പുത്തൂർ, ചന്നഗിരി മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥിയാകുമെന്ന് കരുതിയവരാണ് വിമതരായുള്ളത്. പുലികേശി നഗർ, ചിക് പേട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സാധ്യതയും ഇല്ലാതാക്കുന്ന തരം വിമത ഭീഷണിയുണ്ട്.
മുഖ്യമന്ത്രിയാകാൻ ശിവകുമാറിന്റെ യാഗം
ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന തർക്കം നിലനിൽക്കെ, പരസ്യമായ താൽപ്പര്യം പ്രകടിപ്പിച്ച് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനം “ലഭിക്കാൻ’ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ചണ്ഡികാ യാഗം നടത്തി. “മുഖ്യമന്ത്രിയാകട്ടെ’ എന്ന് തന്ത്രി അനുഗ്രഹിക്കുന്ന വീഡിയോ അനുയായികൾ പുറത്തുവിട്ടു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരും മുഖ്യമന്ത്രി മോഹവുമായി രംഗത്തുണ്ട്.