ഷൊർണൂർ> വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ. ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനിന്റെ ബോഗികളിൽ എംപിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത്. 50 ഓളം പോസ്റ്ററുകളാണ് ട്രെയിനിൽ പതിച്ചത്. പ്രവർത്തകർ പോസ്റ്റർ പതിക്കുമ്പോൾ വി കെ ശ്രീകണ്ഠന് എംപിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം പൊട്ടിച്ചായിരുന്നു വി കെ ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ പ്രകടനമായി നൂറു കണക്കിന് പ്രവർത്തകർ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഇരച്ചുകയറിയത്. രണ്ടു ബോഗികളിലാണ് പ്രവർത്തകർ വി കെ ശ്രീകണ്ഠന് അഭിനന്ദനം അർപ്പിച്ചുള്ള പോസ്റ്ററുകൾ ഒട്ടിച്ചത്. ട്രെയിൻ പുറപ്പടാൻ ഹോൺ മുഴക്കിയപ്പോഴയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്റർ ഒട്ടിക്കൽ. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ പോസ്റ്റർ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ കൊല്ലം, കായംകളം, ചെങ്ങന്നുർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ചാലകുടി , തൃശൂർ എന്നി സ്റ്റേഷനുകള്‍ പിന്നിട്ടാണ് ഷൊർണൂരില്‍ എത്തിയത്. എല്ലായിടത്തും വൻ സ്വീകരണം നൽകിയ ട്രെയിനിനെ ഷൊർണൂരിൽ എത്തിയപ്പോൾ വി കെ ശ്രീകണ്ഠൻ എംപി യുടെ നേതൃത്വത്തിൽ അപമാനിക്കുകയായിരുന്നു. സംഭവത്തില്‍ എംപി മാപ്പു പറയണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും പോസ്റ്റർ പതിച്ചതിനും എംപിയ്ക്കും പ്രവർത്തകർക്കുമെതിരെ കേസെടുക്കുമെന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും അറിയിച്ചു.