ന്യൂഡൽഹി> ബിജെപി എംപിയും റെസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ലിയുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺസിങ്ങിൽ നിന്നും ലൈംഗികാതിക്രമങ്ങൾ നേരിട്ടെന്ന വനിതാ ഗുസ്തിതാരങ്ങളുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.
ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചു. ‘രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഗുസ്തിതാരങ്ങൾ ലൈംഗികാതിക്രമങ്ങൾ നേരിട്ടുവെന്ന ഗുരുതരആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ഈ വിഷയം കോടതി പരിശോധിക്കേണ്ടതുണ്ട്’–- ഹർജി പരിഗണിക്കവേ ചീഫ്ജസ്റ്റിസ് പറഞ്ഞു.
വനിതാതാരങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബലാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ‘ലൈംഗികാതിക്രമം നേരിട്ട ഏഴ് താരങ്ങളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. വിഷയത്തെ കുറിച്ച് ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് പുറത്തുവിട്ടിട്ടില്ല. കേസും എടുത്തിട്ടില്ല’– കപിൽസിബൽ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ വിഷയം പരിശോധിക്കാൻ കോടതി തീരുമാനിച്ചു.
ഇരകളെ തിരിച്ചറിയുന്ന തരത്തിലുള്ള വിശദാംശങ്ങൾ ഒന്നും കോടതിരേഖകളിൽ ഉണ്ടാകരുതെന്ന് ചീഫ്ജസ്റ്റിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബ്രിജ്ഭൂഷൺ ശരൺസിങ്ങിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാതാരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച്ച ഹർജി കോടതി വീണ്ടും പരിഗണിക്കും.