കൊച്ചി> തൊഴില് നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളുമായി ചേര്ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില്(CUSAT) നൈപുണ്യ വികസന ഹബ് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. യുവജനങ്ങള്ക്ക് തൊഴില് നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നല്കി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കളമശ്ശേരി മണ്ഡലത്തില് നടത്തിവരുന്ന സ്കൈ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി ഗവ. ഐടിഐയില് നടന്ന പ്ലേസ്മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി തൊഴില് നൈപുണ്യ പരിശീലന ക്ളാസുകള്, അസാപ്പ് വഴി പരിശീലനം, ശില്പശാലകള് എന്നിവ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ സര്വ്വേ പ്രകാരം കെ ഡിസ്കില് രജിസ്റ്റര് ചെയ്ത മണ്ഡലത്തിലെ ഐടിഐ യോഗ്യതയുള്ള മുഴുവന് ഉദ്യോഗാര്ത്ഥികളെയും പങ്കെടുപ്പിച്ചാണ് പ്ലേസ്മെന്റ് ഡ്രൈവ് നടക്കുന്നത്. തൊഴിലാളികളെ കണ്ടെത്തുന്നതിന് ഇത്തരം ഒരു പ്ലേസ്മെന്റ് ഡ്രൈവില് പങ്കെടുക്കാന് എത്തിയ വ്യവസായിക യൂണിറ്റുകള് അഭിനന്ദനം അര്ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യ അതിവേഗം മാറുന്ന കാലഘട്ടത്തില് പുതിയ തൊഴില് സാധ്യതകള്ക്ക് അനുസരിച്ചുള്ള കോഴ്സുകള് ഇന്ഡസ്ട്രിയല് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടുകളില് വരേണ്ടത് അനിവാര്യമാണ്. ഇതിനായി തൊഴില് വകുപ്പ് ഉദ്യോഗസ്ഥരും വ്യവസായ കേന്ദ്രങ്ങളുമായി ചര്ച്ച ചെയ്ത് നടപടികള് സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
കളമശ്ശേരി നഗരസഭ ചെയര്പേഴ്സണ് സീമ കണ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില് കൗണ്സിലര് നെഷിദാ സലാം, ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് പി എ നജീബ്, മാനേജര് ആര് രമ, കളമശ്ശേരി ഗവ. ഐടിഐ പ്രിന്സിപ്പല് പി കെ രഘുനാഥന് തുടങ്ങിയവര് പങ്കെടുത്തു.