തിരുവനന്തപുരം> കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര് എംപി തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
11 ജില്ലകളിലൂടെ സര്വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് തമ്പാനൂര് റെയില്വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.
നേരത്തെ നിശ്ചയിച്ചതില് നിന്നും അല്പ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഫ്ളാഗ് ഓഫിനും വിദ്യാര്ഥികളുമായുള്ള ആശയവിനിമയത്തിനും ശേഷം സെന്ട്രല് സ്റ്റേഡിയത്തില് കൊച്ചി വാട്ടര് മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല് സെക്ഷന് റെയില്പ്പാതയും നാടിന് സമര്പ്പിക്കും. 3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമര്പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്വഹിക്കും.