കൊച്ചി
ജനങ്ങളെ പെരുവഴിയിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി തിങ്കൾ പകൽ രണ്ടിന് തുടങ്ങിയ നിയന്ത്രണം നീക്കിയത് രാത്രി എട്ടിനുശേഷം. നഗരത്തിലെത്തിയവരും മടങ്ങുന്നവരും ഉൾപ്പെടെ ആയിരങ്ങൾ വഴിയിൽ കുടുങ്ങി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെ പെരുവഴിയിലായി. ഗതാഗതം തിരിച്ചുവിട്ട വഴികളിലാകട്ടെ വൻ തിരക്കും.
നഗരത്തിൽ പള്ളിമുക്കുമുതൽ തേവര ജങ്ഷൻവരെ എംജി റോഡ് പൂർണമായി അടച്ചിട്ടു. തേവര ജങ്ഷൻമുതൽ ഫെറിവരെയുള്ള ഭാഗത്ത് കാൽനടയാത്രപോലും ദുഷ്കരമായി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളിൽനിന്ന് വന്ന വാഹനങ്ങൾ തിരിച്ചുവിട്ടതോടെ, തോപ്പുംപടി പുതിയ പാലംമുതൽ കുണ്ടന്നൂർ ജങ്ഷൻവരെ വാഹനങ്ങൾ തിങ്ങിനിറഞ്ഞ് ഗതാഗതം സ്തംഭിച്ചു. കൊല്ലം, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്ന് വന്ന ബസുകൾ അടക്കം തോപ്പുംപടി പാലംമുതൽ കുണ്ടന്നൂർ ജങ്ഷൻവരെ മണിക്കൂറുകൾ കുരുക്കിൽപ്പെട്ടു. കനത്ത ചൂടുകൂടിയായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
ഇന്നും നിയന്ത്രണം
ചൊവ്വ രാവിലെ എട്ടുമുതൽ 10 വരെ തേവര ഭാഗത്തുനിന്ന് പശ്ചിമകൊച്ചി, ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. വാഹനങ്ങൾ തേവര ജങ്ഷനിൽനിന്നു തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകണം. പശ്ചിമകൊച്ചി ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങൾ ബിഒടി ഈസ്റ്റിൽനിന്നു തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകണം.















