തിരുവനന്തപുരം
ഗാന്ധിജിക്കും ദേശീയ പ്രസ്ഥാനത്തിനും സ്വാതന്ത്ര്യത്തെക്കുറിച്ച് പുതിയ ബോധം രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തെ രാഷ്ട്രീയ സ്വാതന്ത്ര്യമായാണോ സാമൂഹ്യ സ്വാതന്ത്ര്യമായാണോ കാണേണ്ടത് എന്നതു സംബന്ധിച്ച് ദേശീയ പ്രസ്ഥാനത്തിനുള്ളിൽ സംഘർഷം നിലനിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ബ്രിട്ടനിൽനിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനാണ് ദേശീയ പ്രസ്ഥാനം പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, വൈക്കം സത്യഗ്രഹത്തിലൂടെ ഈ ബോധത്തെ മാറ്റിമറിക്കാനായി. സാമൂഹ്യ, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ തമ്മിലുള്ള പരസ്പരബന്ധിതമായ മുന്നേറ്റവും അതിനുവേണ്ട ഐക്യവും വൈക്കം സത്യഗ്രഹത്തിലൂടെ രൂപപ്പെടുത്താനായി. ഇന്ന് നമ്മുടെ കാലത്തേക്ക് നൽകുന്ന സന്ദേശവും ഈ ഐക്യമാണ്. ഉന്നയിച്ച മുദ്രാവാക്യങ്ങൾ ഭാഗികമായി നേടിയാണ് വൈക്കം സത്യഗ്രഹം സമാപിച്ചതെങ്കിലും പിന്നീട് ചെറുതും വലുതുമായ നിരവധി സമരങ്ങൾ നവോത്ഥാനചരിത്രത്തിൽ അരങ്ങേറുന്നതിന് സത്യഗ്രഹം വഴിവച്ചതായും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹസമരം ആദ്യമായി പരീക്ഷിക്കുന്നത് വൈക്കം സത്യഗ്രഹത്തിലായിരുന്നെന്ന് ചരിത്രഗവേഷക കെ എം ഷീബ പറഞ്ഞു. സത്യഗ്രഹത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തെങ്കിലും ആഖ്യാനങ്ങളിൽ സ്ത്രീ പങ്കാളിത്തം എത്രത്തോളം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ചിന്തിക്കണമെന്നും അവർ പറഞ്ഞു. ഡോ. കെ എൻ ഗണേഷ്, വി കാർത്തികേയൻ നായർ എന്നിവർ സംസാരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് സ്വാഗതവും ആർ പാർവതീദേവി നന്ദിയും പറഞ്ഞു.















