തിരുവനന്തപുരം
സമരമൊരു സാമൂഹ്യവിപ്ലവമായി മാറി എന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രധാന പ്രത്യേകതയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വ്യത്യസ്ത ജാതിയിൽപ്പെട്ട ജനവിഭാഗങ്ങളെ സമരപ്പന്തലിൽ എത്തിക്കാൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. ഒരേ പന്തലിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമയോടെ സമരം നടത്തുന്നു എന്നത് അന്നത്തെ അവസ്ഥയിൽ സവിശേഷമായ ഒന്നായിരുന്നു. -എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അന്ന് പൊതുസമൂഹത്തിന്റെ മുന്നിലെത്താൻ മടിച്ചുനിന്ന വനിതകളും സമരത്തിന്റെ ഭാഗമായി. അങ്ങനെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ അന്ന് നിലനിന്ന സ്ഥിതിയെ മറികടക്കാൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. ജാതിയാൽ വേർതിരിക്കപ്പെട്ട അസംഘടിത സമൂഹത്തെ ഒരുമിച്ച് അണിനിരത്താൻ വൈക്കം സത്യഗ്രഹം വഴിതെളിച്ചു. ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയെ പുതുക്കിപ്പണിത സമരങ്ങളുടെ ആദ്യനിരയിലാണ് അതിന്റെ സ്ഥാനം. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ നവോത്ഥാന പോരാട്ടങ്ങളുമായി ബന്ധിപ്പിച്ച സുപ്രധാന സമരമായിരുന്നു അത്. അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സമരങ്ങൾക്കും അത് പ്രചോദനമായി.
നവോത്ഥാന ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള സമരങ്ങൾ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുമെന്നും അത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ ദുർബലപ്പെടുത്തുമെന്നുമായിരുന്നു കോൺഗ്രസിന്റെ ആദ്യ നിലപാട്. ഐക്യം തകർക്കുക എന്ന നിലപാട് സ്വീകരിച്ച് നാനാത്വത്തിന്റെ പ്രത്യേകതകളെ ഇല്ലായ്മ ചെയ്ത് ഒരു രാജ്യം ഒരു മതം എന്ന് വിശദീകരിക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ എങ്ങനെ അതിന്റെ തനിമ നിലനിർത്തി മുന്നോട്ടുപോകാമെന്നതിന്റെ അന്വേഷണ പാഠംകൂടിയാണ് വൈക്കം സത്യഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.















