പത്തനംതിട്ട> കേരളത്തിലെ ആരോഗ്യ മേഖല കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടു പോകുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി തന്നെ അക്കാദമിക് ബ്ലോക് ഉദ്ഘാടനം ചെയ്യുന്നത് സന്തോഷവും അതിലുപരി അഭിമാനവും നൽകുന്നു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വൻ നേട്ടം കൈവരിക്കാൻ കഴിഞ്ഞ വർഷം കേരളത്തിനായി. കോന്നിയിലും ഇടുക്കിയിലും 100 വിതം മെഡിക്കൽ സീറ്റുകൾ നേടിയെടുത്തു.
പിജി, സൂപ്പർ സ്പെഷ്യാലിറ്റി, ഗവേഷണം, നഴ്സിങ് തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മികച്ച് നിന്നു. മികച്ച 10 ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ സ്ഥാനം പിടിച്ചിരുക്കുന്നു. ക്യാൻസർ ചികത്സയുടെ ഭാഗമായ റോബോടിക് സർജറിക്കായി കോടി കണക്കിന് രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 14 ഐസിയു ബെഡുള്ള ന്യൂറോ കാത്ലാബ് ആരംഭിച്ചു. നിലച്ച് പോയ അവസ്ഥയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാനും വിദ്യാഭ്യാസ വർഷം നഷ്ടമാകാതെ പഠനം ആരംഭിക്കാനും സാധിച്ചു.
പുതിയതായി നിർമിക്കുന്ന മെഡിക്കൽ കോളേജുകൾ കോന്നിയിലേത് പോലെയാകണമെന്ന നാഷണൽ മെഡിക്കൽ കൗൺസിലിന്റെ പരാമർശം സന്തോഷം നൽകുന്നതാണ്. ഹോസ്റ്റലിന്റെയും ഫ്ലാറ്റ് സമുച്ചയത്തിന്റെയും നിർമാണം മെയ് മാസത്തിൽ തന്നെ പൂർത്തിയാക്കും. മുഴുവൻ ആളുകൾക്കും ആശ്രയ കേന്ദ്രമായി മെഡിക്കൽ കോളേജ് മാറും. ഇതെല്ലാം സർക്കാരിന്റെയും ആരോഗ്യ മേഖലയുടെയും ദിശാബോധമുള്ള പ്രവർത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.