ഫറോക്ക്> ഫൈബർവള്ളത്തില്‍ നിന്നും ചാലിയാറിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. കടലുണ്ടി ചാലിയം കൈതവളപ്പ് തൈക്കടപ്പുറം ഉസ്മാനെ (56) യാണ് കാണാതായത്.
ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളും ചാലിയത്തെ മത്സ്യത്തൊഴിലാളികളും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കൾ പുലർച്ചെയാണ് അപകട വിവരം പൊലീസും ബന്ധുക്കളും അറിയുന്നത്.
ചാലിയം സ്വദേശി ചെറുപുരക്കല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ഇലാഹി എന്ന വള്ളത്തില്‍ മറ്റു തൊഴിലാളികൾക്കൊപ്പം മീൻപിടിത്തത്തിനിറങ്ങിയതായിരുന്നു ഉസ്മാന്. കാറ്റ് ശക്തമായതിനാൽ ചാലിയം കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് 75 മീറ്റര്‍ അകലെ ചാലിയാറില്‍ ഫൈബര്‍വള്ളം നങ്കൂരമിട്ടതിനിടെ പുഴയില്‍ വീണ് കാണാതാവുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിൽ നല്കിയ മൊഴി.