തിരുവനന്തപുരം> ആശുപത്രികളിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുസ്തകങ്ങൾക്കും വായനയ്ക്കുമായി ഇടം ഒരുക്കുന്നത് ആലോചനയിലെന്ന് മന്ത്രി സജി ചെറിയാൻ. വായനയ്ക്ക് പുറമെ പുസ്തകങ്ങളെകുറിച്ചുള്ള പൊതുചർച്ചകൾക്കും വേദികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബുക്ക്മാർക്ക് സംഘടിപ്പിച്ച പ്രിയപുസ്തകങ്ങളുമായി എഴുത്തുകാരും മന്ത്രിയുമെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കലാലയ കാലത്തെ വായനകളെയും വായനാരീതികളെയും മന്ത്രിയായതിന് ശേഷമുള്ള വായിച്ച പുസ്തകങ്ങളെപ്പറ്റിയുമുള്ള വിശേഷങ്ങൾ അദ്ദേഹം എഴുത്തുകാരുമായി പങ്കുവച്ചു.
ബുക്ക്മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു അധ്യക്ഷനായി. എഴുത്തുകാരായ ബിജു മുത്തത്തി, ടി ബി ലാൽ, വിനു എബ്രാഹാം, ജേക്കബ് എബ്രഹാം, ശ്രീകണ്ഠൻ കരിക്കകം, അഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു. എഴുത്തുകാർക്കുള്ള ബുക്ക്മാർക്കിന്റെ ഉപഹാരവും മന്ത്രി സമർപ്പിച്ചു.