ഇരിങ്ങാലക്കുട> നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം അന്തരിച്ച നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് ദൃശ്യ പയ്യന്നൂരും കുടുംബാംഗങ്ങളും ചേർന്നാണ് ഇന്നസെന്റിനെ അവാർഡിനായി തെരഞ്ഞെടുത്തത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനും മകൻ സോണറ്റിനും മന്ത്രി പി രാജീവ് അവാർഡ് സമ്മാനിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി. മന്ത്രി ആർ ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാരത്തുകയായ 50,000 രൂപ കുടുംബാംഗങ്ങൾ മന്ത്രി ആർ ബിന്ദുവിനെ ഏൽപ്പിച്ചു. ഈ തുക മണ്ഡലത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ, ടി വി രാജേഷ്, യു പി ജോസഫ്, ജോസ് കെ ചിറ്റിലപ്പള്ളി, വി എ മനോജ് കുമാർ, ദീപാങ്കുരൻ, പി വി ഭവദാസൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം വാങ്ങാൻ എത്തുമെന്ന് ഇന്നസെന്റ് നേരത്തേ അറിയിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.