കൊച്ചി> കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് എസ് വി ഭാട്ടി (സരസ വെങ്കട്ടനാരായണ ഭാട്ടി)യെ കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കാൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
1962ൽ ആന്ധ്രപ്രദേശിലെ ചിറ്റൂർ മദനപ്പള്ളിയിൽ ജനിച്ച ഭാട്ടി ബംഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളേജിൽനിന്നാണ് നിയമബിരുദം നേടിയത്. പരിസ്ഥിതിനിയമത്തിൽ വിദഗ്ധനാണ്. ഭരണഘടനാവിഷയങ്ങൾ, സിവിൽ, തൊഴിൽ, വ്യാവസായിക നിയമങ്ങളിലും പ്രത്യേക താൽപ്പര്യം പുലർത്തുന്നുണ്ട്.
1987ൽ ഹൈദരാബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഹിന്ദുസ്ഥാൻ ഷിപ്യാർഡ്, ആന്ധ്രപ്രദേശ് മലിനീകരണനിയന്ത്രണ ബോർഡ്, ഇന്ത്യ മാരിടൈം യൂണിവേഴ്സിറ്റി, ഭെൽ തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസലും സ്പെഷ്യൽ ഗവ. പ്ലീഡറുമായിരുന്നു. 2013ൽ അവിഭക്ത ആന്ധ്രപ്രദേശിന്റെ ഹൈക്കോടതിയായിരുന്ന ഹൈദരാബാദ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2014ൽ സ്ഥിരമായി. ആന്ധ്ര വിഭജനത്തിനുശേഷം അമരാവതി ആസ്ഥാനമായി ആരംഭിച്ച ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി തുടർന്നു. 2019ൽ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറി എത്തി.
കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ നികുതിയിളവിന് പോണ്ടിച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനെതിരെയുള്ള വിധി, ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നത് ഉൾപ്പെടെയുള്ള സുപ്രധാന വിധികൾ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ്.
ഭാര്യ: അനുപമ ഭാട്ടി (വീട്ടമ്മ). മക്കൾ: വൈഷ്ണവി, അഖില.