ഹവാന
ക്യൂബൻ പ്രസിഡന്റായി മിഗേൽ ദിയാസ് കനേൽ തുടരും. ബുധനാഴ്ച ക്യൂബൻ നാഷണൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് ദിയാസ് കനേലിന് അഞ്ചുവർഷംകൂടി അനുവദിക്കുന്ന ബിൽ പാസായത്. 462 അംഗ അസംബ്ലിയിൽ അദ്ദേഹത്തിന് 459 വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്റ് സാൽവഡോർ വാൽഡെസ് മെസയും തൽസ്ഥാനത്ത് തുടരും. 439 വോട്ടാണ് ലഭിച്ചത്. മാർച്ചിലെ തെരഞ്ഞെടുപ്പിൽ വിജയികളായ നാനൂറിൽപ്പരം എംപിമാരും സത്യപ്രതിജ്ഞ ചെയ്തു.
2018ലാണ് ദിയാസ് കനേൽ ആദ്യമായി ക്യൂബൻ പ്രസിഡന്റായത്. ഫിദൽ, റൗൾ കാസ്ട്രോമാരുടെ യുഗത്തിനുശേഷമുള്ള ആദ്യ പ്രസിഡന്റാണ്. ആറുപതിറ്റാണ്ടിലധികമായി അമേരിക്ക തുടരുന്ന കടുത്ത ഉപരോധത്തിനിടെ, കോവിഡ് പ്രതിസന്ധിയിൽ ക്യൂബയെ തകരാതെ നയിച്ചു. വാക്സിൻ ഉൽപ്പാദനത്തിനുള്ള ഘടകങ്ങളടക്കം ലഭിക്കാതായിട്ടും തദ്ദേശീയ വാക്സിനുകൾ വികസിപ്പിച്ച് ക്യൂബൻ ശാസ്ത്രമേഖല ലോകത്തിന് മാതൃകയായി. കോവിഡിൽ ഉലഞ്ഞ വിവിധ രാജ്യങ്ങളിൽ ചികിത്സ നൽകാൻ വൈദ്യസംഘത്തെ അയക്കുകയും ചെയ്തു. 2021ൽ അമേരിക്കയുടെ പ്രേരണയിലുണ്ടായ ആഭ്യന്തരകലാപ ശ്രമത്തെയും അതിജീവിച്ചു.
ഭക്ഷ്യോൽപ്പാദനം, കയറ്റുമതി എന്നിവ വർധിപ്പിക്കുകയും സാമ്പത്തികപ്രതിസന്ധി പരിഹരിക്കുകയുമാകും അധികാരത്തിലെ രണ്ടാം ഊഴത്തിൽ മുൻഗണന നൽകുകയെന്ന് ദിയാസ് കനേൽ പറഞ്ഞു.