ഖാർത്തൂം
സൈന്യവും അർധസൈനിക വിഭാഗം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സുഡാനിൽനിന്ന് സൈനികരെ തിരിച്ചുവിളിച്ച് ഈജിപ്ത്. കലാപത്തിന്റെ ആദ്യ ദിനങ്ങളിൽ ആർഎസ്എഫ് തടഞ്ഞുവച്ചിരുന്നത് ഉൾപ്പെടെയുള്ള തങ്ങളുടെ സൈനികരെയാണ് ഈജിപ്ത് തിരിച്ചുവിളിച്ചത്. 177 പട്ടാളക്കാരുമായി മൂന്ന് വിമാനം കെയ്റോയിൽ എത്തി. 27 എയർഫോഴ്സ് ഉദ്യോഗസ്ഥർ സുഡാനിലെ ഈജിപ്ഷ്യൻ എംബസിയുടെ സംരക്ഷണയിൽ തുടരുന്നു. അന്താരാഷ്ട്ര ഇടപെടലുകൾ നടത്തിയിട്ടും വെടിനിർത്തൽ ധാരണകൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് തുടർച്ചയായ ആറാംദിനവും സുഡാൻ കലാപഭൂമിയായത്.