മലപ്പുറം
ഇരുപത് കളിയിൽ പതിനേഴിലും തോൽവി. രണ്ട് സമനില. ജയിച്ചതാകട്ടെ ഒറ്റമത്സരം. ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രകടനമായിരുന്നു ഇത്തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റേത്. അഞ്ച് പോയിന്റുമായി അവസാനസ്ഥാനം. രണ്ട് വിദേശ പരിശീലകരെയാണ് ഒഴിവാക്കിയത്. മാർകോ ബാൾബുളും വിസെൻസോ ആൽബർട്ടും തന്ത്രങ്ങളോതിയിട്ടും രക്ഷയുണ്ടായില്ല. സൂപ്പർകപ്പിന് എത്തിയത് സഹപരിശീലകനായ മുംബൈക്കാരൻ ഫ്ലോയിഡ് പിന്റോക്കുകീഴിൽ. സൂപ്പർകപ്പിൽ ഏവരെയും ഞെട്ടിച്ച് വൻകുതിപ്പ് നടത്തുകയാണ് അസമിലെ ഗുവാഹത്തി കേന്ദ്രമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. മുംബൈ സിറ്റിയും ചെന്നൈയിൻ എഫ്സിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് ചാമ്പ്യൻമാരായി സെമിയിൽ ഇടംപിടിച്ചു.
ടൂർണമെന്റിന് മുന്നോടിയായാണ് ഫ്ലോയിഡ് പിന്റോ പ്രധാന പരിശീലകന്റെ കുപ്പായം അണിയുന്നത്. ഇന്ത്യൻ ജൂനിയർ ടീം പരിശീലകനായിരുന്നു. ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് 4–-2ന് തോറ്റു. രണ്ടാമത്തെ കളിയിൽ മുംബൈ സിറ്റിയെ 2–-1ന് വീഴ്ത്തി. മൂന്നാമത്തെ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ 6–-3ന് കീഴടക്കി അവസാന നാലിൽ ഇടംപിടിച്ചു. സെമിയിൽ ഒഡിഷ എഫ്സിയെ കീഴടക്കി അന്തിമ പോരാട്ടത്തിന് യോഗ്യത നേടാനുള്ള ഒരുക്കത്തിലാണ് ടീം.
ടീമിൽ ഏഴ് മലയാളി താരങ്ങളുണ്ട്. മഷൂർ ഷെരീഫ്( കാവുങ്ങൽ, മലപ്പുറം), ടി വി മുഹമ്മദ് ഇർഷാദ് (തിരൂർ, മലപ്പുറം), എം എസ് ജിതിൻ (ഒല്ലൂർ, തൃശൂർ), കെ മിർഷാദ് (നീലേശ്വരം, കാസർകോട്,), ഗനി അഹമ്മദ് നിഗം (നാദാപുരം, കോഴിക്കോട്), എമിൽ ബെന്നി (കൽപ്പറ്റ, വയനാട്), അലക്സ് സജി (മീനങ്ങാടി, വയനാട്) എന്നിവരാണ്. ടീം മാനേജർ കൊണ്ടോട്ടി സ്വദേശിയായ ഷഹസാദ് മുഹമ്മദാണ്. എല്ലാ കളിയിലും അഞ്ച് മലയാളി താരങ്ങളെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകും.
കഴിഞ്ഞദിവസം ചർച്ചിൽ ബ്രദേഴ്സിനെതിരെ ഏഴ് പേർക്കും കളത്തിലിറങ്ങാൻ അവസരം നൽകി. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും പുറത്തായതോടെ മലയാളി ആരാധകരുടെ ടീമായി നോർത്ത് ഈസ്റ്റ് മാറിയിട്ടുണ്ട്. അത് സെമിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.