മൊഹാലി
മുഹമ്മദ് സിറാജിന്റെ പേസിൽ പഞ്ചാബ് കിങ്സ് പിടഞ്ഞുവീണു. ഐപിഎൽ ക്രിക്കറ്റിൽ 24 റൺ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുന്നേറി. നാല് ഓവറിൽ 21 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത സിറാജാണ് കളിയിലെ താരം.
സ്കോർ: ബാംഗ്ലൂർ 4–-174, പഞ്ചാബ് 150 (18.2)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ഓപ്പണർമാരായ വിരാട് കോഹ്ലിയും (47 പന്തിൽ 57) ഫാഫ് ഡുപ്ലെസിസും (56 പന്തിൽ 86) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 17–-ാംഓവർവരെ ബാറ്റ് ചെയ്ത് 137 റണ്ണെടുത്തു. ക്യാപ്റ്റൻ കോഹ്ലി അഞ്ച് ഫോറും ഒരു സിക്സറും നേടി. ഡുപ്ലെസിസ് അഞ്ചുവീതം ഫോറും സിക്സറും പറത്തി. ഗ്ലെൻ മാക്സ്വെലും (0) ദിനേശ് കാർത്തിക്കും (7) വേഗം മടങ്ങി.
ആദ്യ ഓവറിൽതന്നെ പഞ്ചാബിന് പാളി. സിറാജ് രണ്ടാംപന്തിൽ ഓപ്പണർ അഥർവ ടെയ്ഡിനെ (4) വീഴ്ത്തി. പ്രഭ്സിമ്രാൻ സിങും (46) ജിതേഷ് ശർമയും (41) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ക്യാപ്റ്റന്റെ റോളിലെത്തിയ സാം കറനും (10) ലിയം ലിവിങ്സ്റ്റണും (10) ടീമിനെ ഉയർത്താനായില്ല. പന്തേറിൽ സിറാജിന് പിന്തുണയുമായി ലങ്കൻ സ്പിന്നർ വണീന്ദു ഹസരങ്കയുണ്ടായിരുന്നു. വണീന്ദുവിന് രണ്ട് വിക്കറ്റുണ്ട്.