തിരുവനന്തപുരം
വിദ്യാർഥികളുടെ വാക്കും വാളുമാകാൻ യൂണിയനുകൾക്ക് കഴിയണമെന്ന് മന്ത്രി ആർ ബിന്ദു. പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജിൽ നടന്ന യൂണിയൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്ധവിശ്വാസങ്ങൾക്കെതിരെ വാളും പരിചയും ഏറ്റെടുക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുവാനും ഒരു പുതുകേരളം സൃഷ്ടിക്കുവാനും വിദ്യാർഥി യൂണിയന് കഴിയണമെന്ന് മന്ത്രി അറിയിച്ചു. പല പഠനശാഖകളിലും ആൺകുട്ടികൾ ആധിപത്യം പുലർത്തുന്ന എൻജിനിയറിങ് കോളേജുകളുടെ ക്യാമ്പസുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിയൻ നയിക്കുന്നത് പെൺകുട്ടികളാണെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥ് അധ്യക്ഷനായി. നടനും സംവിധായകനുമായ വിനീത് വാസുദേവൻ മുഖ്യാതിഥിയായി. ഡീൻ അക്കാദമിക് ഡോ. വിനു തോമസ്, ശ്രീചിത്ര തിരുനാൾ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. എം കെ ഷീജ, യൂണിയൻ ചെയർപേഴ്സൺ അനശ്വര എസ് സുനിൽ, ജനറൽ സെക്രട്ടറി അഞ്ജന, ജോയിന്റ് സെക്രട്ടറി എസ് വൈശാഖ് എന്നിവർ പങ്കെടുത്തു.