തിരുവനന്തപുരം
കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാനത്തെ തീരദേശ മേഖലയിൽ വികസന പ്രവർത്തനങ്ങളുടെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും വേലിയേറ്റമാണ് ദൃശ്യമായതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഒമ്പത് ജില്ലയിലെ 31 മണ്ഡലത്തിലായി പൂർത്തിയാക്കിയ 62 റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിന് 10 പേർ വീതമുള്ള ഗ്രൂപ്പിന് 1.56 കോടി രൂപ വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട, 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിനായി 2450 കോടി രൂപ ചെലവിലുള്ള പുനർഗേഹം പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ഭവനനിർമാണ പദ്ധതിയിൽ 15,558 പേർക്ക് ആനുകൂല്യം അനുവദിച്ച് നൽകി. ഭൂമിയുള്ള, എന്നാൽ വീടില്ലാത്ത 5985 പേർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്തും 3,650 പേർക്ക് ഈ സർക്കാരിന്റെ കാലയളവിലും ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചു നൽകി. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വില വർധനയും കണക്കിലെടുത്ത് കൂടുതൽ സുലഭവും ആദായകരമായ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയിലേക്ക് എൻജിൻ മാറ്റാൻ 10 കോടി രൂപയുടെ സഹായം നടപ്പാക്കും. 2758 മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കി. പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ ധനസഹായമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് തുക 10 ലക്ഷമായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള സൗജന്യ മെഡിക്കൽ, സിവിൽ സർവീസ്, ബാങ്ക് പരീക്ഷാ പരിശീലന പദ്ധതിയായ ‘വിദ്യാദീപം’ പ്രയോജനപ്പെടുത്തി കേരളത്തിലെ തീരദേശത്ത് നിന്ന് 75 ഡോക്ടർമാർ ഉണ്ടായ കാര്യം അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
●തീരദേശ സദസ്സ് 23 ന്
തീരദേശത്തെ പ്രശ്നങ്ങൾ കേൾക്കാനും പരാതികളും നിർദേശങ്ങളും സ്വീകരിക്കാനുമായി 23 മുതൽ മെയ് 25 വരെ സംസ്ഥാനത്തെ 47 നിയമസഭാ മണ്ഡലത്തിൽ തീരദേശ സദസ്സ് സംഘടിപ്പിക്കും. 23 ന് നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു