തിരുവനന്തപുരം> ആംബുലൻസ് അടക്കം വേഗത്തിൽ എത്തേണ്ട എമർജൻസി വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാക്കും. അഗ്നി സുരക്ഷാ സേന, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രകളും നിയമലംഘനമായി കണക്കാക്കില്ല. ആംബുലൻസ്, പൊലീസ് തുടങ്ങി ബീക്കൺ ലൈറ്റ് വച്ച വാഹനങ്ങളെ മാത്രമാണ് ഇത്തരത്തിൽ ഒഴിവാക്കുക. മറ്റിളവുകൾ ഉണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം, അപകടം ഉണ്ടാക്കി വാഹനം നിർത്താതെ പോകൽ, ഇരുചക്ര വാഹനങ്ങളിലെ രണ്ടുപേരിൽ കൂടുതലുള്ള യാത്ര എന്നിവ കണ്ടുപിടിക്കുന്നതിനാണ് പുതുതായി സ്ഥാപിച്ച എഐ കാമറകളിൽ ഭൂരിഭാഗവും. ഇരുചക്ര വാഹനങ്ങളിലെ മൂന്നുപേരുടെ യാത്ര നിലവിൽതന്നെ നിയമ ലംഘനമാണ്. ഇത് പുതിയ നിയമമാണെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും അധികൃതർ പറയുന്നു.