തൊടുപുഴ> ജോണി നെല്ലൂരിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്മാന് മാത്യു സ്റ്റീഫനും രാജിവച്ചു. പാര്‍ട്ടിക്ക് പ്രഖ്യാപിത ലക്ഷ്യങ്ങളോട് നീതി പുലര്‍ത്താനാവാത്ത സാഹചര്യമായതിനാലാണ് രാജിയെന്ന് മാത്യു സ്റ്റീഫന്‍ തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയില്‍ ഒരുമനസോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ജോണി നെല്ലൂരിന് നല്കിയ പരിഗണന നിലവില്‍ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. അതില്‍ സംശയമില്ല. നിലവില്‍ കോണ്‍ഗ്രസിന് പ്രഗല്ഭരായ നേതാക്കളുമില്ല.പി ജെ ജോസഫ് അടക്കമുള്ളവരോട് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്ല, അദ്ദേഹം പറഞ്ഞു.
നീക്കം യുഡിഎഫിനെ വീണ്ടും ശിഥിലമാക്കില്ലേയെന്ന ചോദ്യത്തിന് ഞങ്ങള്‍ പോയില്ലെങ്കിലും യുഡിഎഫ് ശിഥിലമാകുമെന്നായിരുന്നു മറുപടി. മാത്യു സ്റ്റീഫന്‍ കൂടി രാജിവച്ചതോടെ ജോസഫ് വിഭാഗം കൂടുതല്‍ പ്രശ്നത്തിലേക്കാണ് നീങ്ങുന്നത്.