ന്യൂഡൽഹി > ഡൽഹി സർവകലാശാല ക്യാമ്പസിൽ മലയാളിയും എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയംഗവുമായ വനിതയ്ക്ക് നേരെ എൻഎസ്യുഐ – കെഎസ്യു പ്രവർത്തകരുടെ ആക്രമണം. നോർത്ത് കാമ്പസിലെ താമസ സ്ഥലത്ത് വെച്ച് മെഹിന ഫാത്തിമയാണ് അക്രമത്തിനിരയായത്. ലൈംഗീകാതിക്രമം അടക്കം നേരിട്ടുവെന്ന് കാട്ടി പെൺകുട്ടി പൊലീസിൽപരാതി നൽകിയതിന് പിന്നാലെ അക്രമികൾഒളിവിൽപോയി. റിൻഫാസ് എന്നയാളുടെ നേതൃത്വത്തിൽ ഡാനിഷ്, അബ്ദുൾ ഫത്താഹ്, മുന്ന ഷഹബാസ് ആഷിശ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് ആളുകളുമാണ് ആക്രമിച്ചതെന്ന് മെഹിന ഫാത്തിമ പറഞ്ഞു .
അക്രമികളിലൊരാൾ തന്റെ മുഖത്ത് തുപ്പിയതായും കേസ് പിൻവലിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തുന്നതായും വിദ്യാർഥിനി വെളിപ്പെടുത്തി. അക്രമികൾക്കായി തെരച്ചിൽ നടത്തുകയാണെന്നാണ് പൊലീസ് ഭാഷ്യം. ഞായർ രാത്രി പത്തോടെയാണ് എൻഎസ്യുഐ നേതാവും മലയാളിയുമായ സ്നേഹ സാറ ഷാജിയുടെ സാന്നിധ്യത്തിൽ മെഹിന ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ ശക്തമായി അപലപിച്ച എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി , കുറ്റവാളികളെ പുറത്താക്കാൻ എൻഎസ്യുഐ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. ആർട്സ് ഫാക്കൽറ്റിക്ക് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു.